Pullurampara

ഇരുമ്പകം പാലം നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കണം

പുല്ലുരാംപാറ : തിരുവമ്പാടി – പുല്ലുരാംപാറ – ആനക്കാംപൊയിൽ – മറിപ്പുഴ റോഡിലെ ഇരുമ്പകം പാലം നിർമാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. പാലം നിർമാണം അടിയന്തരമായി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് യൂണിറ്റ് ആവശ്യപ്പെട്ടു.

കാളിയാംപുഴ പാലം നിർമാണം പൂർത്തിയായതിന് പിന്നാലെ ഇരുമ്പകം പാലവും പൊളിച്ചതോടെ പുല്ലുരാംപാറ മേഖലയിലേക്കുള്ള യാത്രാദുരിതം ഇരട്ടിയായതായി വ്യാപാരികൾ പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെയുള്ള സർവീസുകൾ റൂട്ട് മാറ്റി നടത്തുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഉൾപ്പെടെ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി.
വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ് പ്രസിഡന്റ് സിബി കീരംപാറയിൽ അധ്യക്ഷത വഹിച്ചു. ഇരുമ്പകം പാലം ഉൾപ്പെടെയുള്ള റോഡ് നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായ ജെയ്സൺ മണിക്കൊമ്പേൽ, ജോമോൻ ചേന്ദംമുറിയിൽ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ആക്കാട്ടുമുണ്ടയ്ക്കൽ, ട്രഷറർ ലിജോ കുന്നേൽ, യൂത്ത് വിങ് പ്രസിഡന്റ് നിധീഷ് വി. റാം, സോണി മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button