Kodanchery

ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി; വിദ്യാർത്ഥികൾക്ക് ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി “ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി: ഇന്നലെയിൽ നിന്ന് ഇന്നിലേക്കും നാളെയിലേക്കും” എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു.

ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.

വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകരായ മാർട്ടിൻ ലൂയിസും സിസ്റ്റർ അഞ്ജനയും ക്ലാസുകൾ നയിച്ചു. ഗാന്ധിജിയുടെ ജീവിതവും ദർശനങ്ങളും ചരിത്രപരമായ ആശയങ്ങൾ മാത്രമല്ലെന്നും, സമകാലിക സമൂഹത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുന്നതിനും അവ ഏറെ പ്രസക്തമാണെന്നും ക്ലാസിൽ വിശദീകരിച്ചു.

സത്യസന്ധതയോടെയും ഉത്തരവാദിത്വത്തോടെയും ജീവിതത്തെ സമീപിക്കുക, മറ്റുള്ളവരുടെ അവകാശങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കുക, അക്രമരഹിതമായ സമീപനത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ജീവിതമൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയും ക്ലാസിൽ ചർച്ച ചെയ്തു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും അവസരം നൽകിയ സംവാദാത്മക രീതിയിലുള്ള ക്ലാസ് ഏറെ ശ്രദ്ധേയമായി.

സ്കൗട്ട് ആൻഡ് ഗൈഡ്സ് കോർഡിനേറ്റർമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിൽ ക്ലാസ് ഏറെ പ്രയോജനകരമായി.

Related Articles

Leave a Reply

Back to top button