Thiruvambady

രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളൽ; നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് പിന്തുടർന്നത് മണിക്കൂറുകളോളം

തിരുവമ്പാടി :തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് മണിക്കൂറുകളോളം അതിസാഹസികമായി പിന്തുടർന്നു.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ തിരുവമ്പാടി യു.സി. മുക്കിൽ മാലിന്യവുമായി ലോറിയെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ. ഇ.കെ. രമ്യയുടെ നിർദ്ദേശപ്രകാരം എസ്.ഐ. അനന്തുവും ഡ്രൈവർ ടി. അനൂപി ലോറിയെ പിടികൂടാൻ നീക്കം നടത്തിയെങ്കിലും പോലീസിനെ കണ്ടതോടെ വാഹനം അതിവേഗം പായിക്കുകയായിരുന്നു.

തിരുവമ്പാടി, കോടഞ്ചേരി, കൊടുവള്ളി, താമരശ്ശേരി, മാവൂർ, മുക്കം, അരീക്കോട് വഴി മലപ്പുറം ജില്ലയിലെ നിലമ്പൂർ വരെ നീണ്ട ചേസിംഗിൽ നിരവധി സ്റ്റേഷൻ പരിധികളും ഊടുവഴികളും താണ്ടിയ വാഹനം, യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കും വിധമാണ് കുതിച്ചുപാഞ്ഞത്.

സംഭവമറിഞ്ഞ് നാട്ടുകാരും ബൈക്കുകളിലും കാറുകളിലുമായി പിന്തുടർന്നെങ്കിലും നിലമ്പൂരിൽനിന്ന് എല്ലാവരുടെയും കണ്ണുവെട്ടിച്ച് ലോറി അപ്രത്യക്ഷമായി. എങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ മലപ്പുറം സ്വദേശികളാണെന്നും, ലോറിയും പ്രതികളെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു; തിരുവമ്പാടി-മുക്കം റോഡിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നതായി പരാതികൾ ഉയരുന്നതിനിടയിലാണ് പോലീസിന്റെ ഈ സാഹസിക നടപടി.

Related Articles

Leave a Reply

Back to top button