മനസ്സുതൊട്ട് ചേർന്നിരിക്കാം; മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ തലമുറകളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു

മുക്കം : മുത്തശ്ശിക്കഥകളുടെ മധുരവും വാത്സല്യത്തിന്റെ ചൂടും പകർന്ന് മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തലമുറകൾ ഒത്തുചേർന്ന വേറിട്ടൊരു സ്നേഹസംഗമം സംഘടിപ്പിച്ചു. “മനസ്സുതൊട്ട് ചേർന്നിരിക്കാം” എന്ന പേരിൽ നടന്ന പരിപാടി മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി ഉദ്ഘാടനം ചെയ്തു.
മുക്കം നഗരസഭ വയോജന ക്ലബ്ബ്, പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കുട്ടികൾ, മുക്കം വാക്കിങ് ക്ലബ്ബ് എന്നിവർ സംയുക്തമായാണ് അവിസ്മരണീയമായ ഈ സംഗമം ഒരുക്കിയത്.
പി.ടി.എ. പ്രസിഡന്റ് അസീസ് മലയമ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ വയോജന ക്ലബ്ബ് പ്രസിഡന്റ് സത്യനാരായണൻ മാസ്റ്റർ, സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. വിജയൻ, ടി. പ്രഭാകരൻ, മുക്കം വാക്കിങ് ക്ലബ്ബ് പ്രസിഡന്റ് രാജേസൻ വെള്ളാരംകുന്നത്ത്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് റഫീക്ക് തോട്ടുമുക്കം, ഭാസ്കരൻ കർണങ്ങാട്ട്, സ്കൂൾ മാനേജർ സി. ഹാരിസ്, കോമളൻ മാമ്പറ്റ, ഹെഡ്മിസ്ട്രസ് കെ. ഷീബ എന്നിവർ സംസാരിച്ചു.
സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ചടങ്ങിൽ സ്കൂളിന്റെ ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർന്ന് വയോജനങ്ങളും ഭിന്നശേഷിക്കുട്ടികളും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളും യു.പി. നാസർ മാസ്റ്ററുടെ മാജിക് ഷോയും അരങ്ങേറി.







