Mukkam

ഗോവ ട്രിപ് ഒഴിവാക്കി, ആ രണ്ട് ലക്ഷം SMA ബാധിച്ച കുഞ്ഞോമനകൾക്ക് നൽകും; ഹൃദയം നിറച്ച് വ്യാപാരികൾ

മുക്കം: ഗോവയിലേക്കുള്ള വിനോദയാത്ര ഉപേക്ഷിച്ച വ്യാപാരികൾ ആ തുക ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിച്ച കുഞ്ഞോമനകളുടെ ചികിത്സയ്ക്കു നൽകും. വ്യാപാരി വ്യവസായി ഏകോപനസമിതി ആനക്കാംപൊയിൽ യൂണിറ്റ് ജനുവരി ഒൻപതാം തീയതി ഗോവയിലേക്ക് നടത്താനിരുന്ന വിനോദയാത്രയാണ് വേണ്ടെന്നുവെച്ചത്. അതിനായി കരുതിയിരുന്ന രണ്ടുലക്ഷം രൂപ അരുൺ-ഷാൽമി ദമ്പതിമാരുടെ, ഒന്നിച്ചുപിറന്ന മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവരുടെ ചികിത്സാഫണ്ടിലേക്ക് കൈമാറും.

തുടർസഹായം നൽകാനും വ്യാപാരികൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്ന് യൂണിറ്റ് പ്രസിഡന്റ് ജോൺസൺ വയലിൽ പറഞ്ഞു. മൂന്നു കുഞ്ഞുങ്ങൾക്കും രണ്ടുവയസ്സ് പൂർത്തിയാവുന്നതിനുമുൻപേ ജീൻതെറപ്പി ചെയ്യണം. അൻപതുകോടിയോളം രൂപ ചെലവുവരും. ഞായറാഴ്ചവരെ 6.69 കോടിരൂപ അക്കൗണ്ടിലെത്തി. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ബാക്കി തുക കണ്ടെത്തണം.

Related Articles

Leave a Reply

Back to top button