Mukkam

എസ്.എം.എ ബാധിതരായ കുഞ്ഞുങ്ങൾക്കായി മുക്കം നഗരസഭയുടെ ചാരിറ്റി ഫുഡ് ഫെസ്റ്റ്; കാരുണ്യത്തിന്റെ രുചിക്കൂട്ടുമായി നാടൊന്നിച്ചു

മുക്കം: നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച കല്ലുരുട്ടിയിലെ കുഞ്ഞുങ്ങളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനായി മുക്കം നഗരസഭ സംഘടിപ്പിച്ച ചാരിറ്റി ഫുഡ് ഫെസ്റ്റ് നാടിന്റെ ഒത്തൊരുമ വിളിച്ചോതി ജനശ്രദ്ധ നേടി.

മുക്കം മിനി പാർക്കിൽ നടന്ന ഫെസ്റ്റിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.കക്ഷിരാഷ്ട്രീയ ഭേദമന്യേ നഗരസഭാ കൗൺസിലർമാരും ജീവനക്കാരും സന്നദ്ധപ്രവർത്തകരും പ്രാദേശിക വ്യാപാരികളും കൈകോർത്തതോടെ ഫുഡ് ഫെസ്റ്റ് മാതൃകാപരമായ കാരുണ്യ കൂട്ടായ്മയായി മാറി. വിഭവസമൃദ്ധമായ ഭക്ഷണശാലകൾക്കൊപ്പം തത്സമയ തട്ടുകടകളും ഫെസ്റ്റിൽ ഒരുക്കിയിരുന്നു.

വൈകുന്നേരം നടന്ന ഗാനസന്ധ്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും മികച്ച സാമ്പത്തിക പിന്തുണയാണ് സംരംഭത്തിന് ലഭിച്ചത്. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഒന്നിച്ച് അണിനിരന്ന മുഴുവൻ ആളുകൾക്കും മുക്കം നഗരസഭയുടെ നന്ദി അറിയിക്കുന്നതായി നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button