Mukkam

ദാഹമകറ്റാൻ തണ്ണീർകൂജയുമായി വെൽഫെയർ കമ്മിറ്റി

മുക്കം: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് എത്തുന്നവരുടെ ദാഹമകറ്റാൻ പ്രകൃതി സൗഹൃദ മാതൃകയുമായി വെൽഫെയർ കമ്മിറ്റി. കലോത്സവ നഗരിയിൽ പ്ലാസ്റ്റിക് കുപ്പികളും ഡിസ്പോസിബിൾ ഗ്ലാസുകളും പൂർണ്ണമായും ഒഴിവാക്കി, ‘തണ്ണീർകൂജ’ എന്ന പേരിൽ മൺകൂജകളും മൺഗ്ലാസുകളും ഉപയോഗിച്ചാണ് കുടിവെള്ള വിതരണം ഒരുക്കിയിരിക്കുന്നത്.

കലോത്സവ ഉദ്ഘാടന വേദിയിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് തണ്ണീർകൂജ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.മത്സരാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കും ഉൾപ്പെടെ നഗരിയിലെത്തുന്ന എല്ലാവർക്കും ശുദ്ധവും തണുത്തതുമായ കുടിവെള്ളം ഇതിലൂടെ ലഭ്യമാകുന്നു. വേദികൾക്ക് സമീപം പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളിലാണ് മൺകൂജകൾ വെച്ചിരിക്കുന്നത്. പഴമയുടെ തനിമ നിലനിർത്തുന്നതിനൊപ്പം ഹരിതചട്ടം കർശനമായി പാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെൽഫെയർ കമ്മിറ്റി ഈ പദ്ധതി നടപ്പിലാക്കിയത്.

കലോത്സവ ദിവസങ്ങളിൽ മാലിന്യക്കൂമ്പാരം ഒഴിവാക്കാനും പ്രകൃതിയോടിണങ്ങിയ രീതിയിൽ കുടിവെള്ളം നൽകാനും ‘തണ്ണീർകൂജ’ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. വെൽഫെയർ കമ്മിറ്റിയുടെ ഈ വേറിട്ട പ്രവർത്തനത്തിന് കലോത്സവ നഗരിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ, വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സണൽ ജിജി ജയരാജ്, കോഴിക്കോട് ഡി പി സി നിസാർ ചേലേരി, കൺവീനർ സി.ടി അബൂബക്കർ മായനാട്, കെ യു ടി എ സംസ്ഥാന സെക്രട്ടറി റഫീഖ് മായനാട്, യൂനുസ് വടകര, മുജീബ് കൈപ്പാക്കിൽ, ഖദീജ കെ പി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button