കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇനി മുലപ്പാൽ ബാങ്കും.

കോഴിക്കോട്:നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പാക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇനി മുലപ്പാൽ ബാങ്കും. പ്രസവസമയത്ത് മുലപ്പാൽ കുറവുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കായാണിത്. ഇതിനോടൊപ്പം നവജാതശിശുക്കളുടെ കൂടെ അമ്മമാരെയും കിടത്താനുള്ള മെറ്റേണൽ ന്യൂബോൺ ക്രിട്ടിക്കൽ കെയർ യൂണിറ്റും സജ്ജമാകും. ഇരു പദ്ധതികൾക്കും ദേശീയ ആരോഗ്യദൗത്യം അംഗീകാരം ലഭിച്ചു. നിർമാണം ഉടൻ ആരംഭിക്കും. രണ്ടുമാസത്തിനുള്ളിൽത്തന്നെ മുലപ്പാൽ ബാങ്ക് യാഥാർഥ്യമാക്കാനാകുമെന്ന് എൻ.എച്ച്.എം. ജില്ലാ കോ-ഓർഡിനേറ്റർ ഡോ. നവീൻ പറഞ്ഞു. ഗവ. മെഡിക്കൽ കോളേജിലെ ഐ.എം.സി.എച്ചിൽ ന്യൂബോൺ വിഭാഗത്തോടു ചേർന്നുള്ള കെട്ടിടത്തിലാണ് ബാങ്ക് ഒരുക്കുക. മുലപ്പാൽ ബാങ്കിനായി 38 ലക്ഷവും ന്യൂബോൺ ക്രിട്ടിക്കൽ കെയർ യൂണിറ്റിനായി 77 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്കൂടാതെ, ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ എൻ.എച്ച്.എമ്മിന്റെ നിയോ ക്രാഡിൽ പദ്ധതി വഴി എല്ലാ ആശുപത്രികളിലെയും എൻ.ഐ.സി.യു.വിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും.
നവജാതശിശുകളിൽ 20 ശതമാനവും തൂക്കക്കുറവുള്ളവർ
ഒരുവർഷത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏകദേശം 18,000 പ്രസവം നടക്കുന്നുണ്ട്. ഇതിൽ 20 ശതമാനം കുട്ടികളും തൂക്കക്കുറവുള്ളവരാണ്. 15 ശതമാനത്തോളം നവജാത ശിശുകളെ എസ്.എൻ.സി.യു./ എൻ.ഐ.സി.യു.വിൽ പ്രവേശിപ്പിക്കുന്ന അവസ്ഥയുമാണുള്ളത്. ഇത്തരം കുട്ടികൾക്ക് ജനനസമയംമുതൽതന്നെ അമ്മമാരുടെ മുലപ്പാൽ ലഭ്യമാക്കാൻ സാധിക്കാറില്ല. മുലപ്പാലും ഫോർമുല ഫീഡും ചേർത്താണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. മുലപ്പാൽ ബാങ്ക് വരുന്നതോടെ നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകാനും ആരോഗ്യം വീണ്ടെടുക്കാനും ഏറെ സഹായകരമാകും.
പദ്ധതി ഇങ്ങനെ
നവജാതശിശുക്കൾക്ക് നൽകിയശേഷം വരുന്ന മുലപ്പാൽ അമ്മമാർ ബാങ്കിലേക്ക് നൽകാൻ തയ്യാറാകണം. ഈ മുലപ്പാൽ ശേഖരിക്കാനും സൂക്ഷിക്കാനുമായി പ്രത്യേക മുറി, ഫ്രിഡ്ജ്, ഡീപ്പ് ഫ്രീസർ തുടങ്ങിയവ ഒരുക്കും. ശേഖരിക്കുന്ന മുലപ്പാൽ അണുവിമുക്തമാണോ എന്നു ഉറപ്പുവരുത്താൻ കൾച്ചർ പരിശോധന നടത്തും.
പ്രസവശേഷം അമ്മമാർക്ക് പാൽ ഇല്ലാതാവൽ, പാൽ വലിച്ചുകുടിക്കാൻ സാധിക്കാത്ത കുഞ്ഞുങ്ങൾ, വിഷാദരോഗവും മറ്റു കാരണങ്ങളാലും മുലയൂട്ടാനാവാത്ത സ്ത്രീകൾ എന്നിവർക്ക് ഈ പദ്ധതി സഹായകരമാകും.







