Thiruvambady

പുന്നക്കൽ; വഴിക്കടവ് പാലം നിർമാണം പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടി – പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കാൻ ധാരണ. ടെൻഡർ നടപടി പൂർത്തിയായി. നബാർഡ് ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി 5.53 കോടിരൂപ പദ്ധതിക്കായി നേരത്തേ വകയിരുത്തിയെങ്കിലും രൂപകല്പനയിൽ ഭേദഗതിവന്നതിനെത്തുടർന്ന് ടെൻഡർ നടപടി വൈകുകയായിരുന്നു.

ഹാസ്‌കൻ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. പാലം പുനർനിർമാണത്തിനായി കരാർ കമ്പനി ഷെഡ് ഒരുക്കിക്കഴിഞ്ഞു. സ്ഥലം വൃത്തിയാക്കുന്ന പ്രാരംഭപണികൾ ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രിയുടെ തീയതി ലഭിക്കുന്നമുറയ്ക്ക് ഉടൻ നിർമാണോദ്ഘാടനം ഉണ്ടാകുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. യുടെ ഓഫീസിൽ നിന്നറിയിച്ചു.

11 മീറ്റർ വീതിയിലാണ് പാലം പുനർനിർമിക്കുക. 7.5 മീറ്റർ ടാറിങ്ങും ഇരുവശത്തും 1.5 മീറ്റർവീതം നടപ്പാതയുമുണ്ടാകും. പുന്നക്കൽ ഭാഗത്തേക്ക്‌ 50 മീറ്ററും തിരുവമ്പാടി ഭാഗത്തേക്ക്‌ 65 മീറ്ററും സമീപനപാതയുമൊരുക്കും. പാലത്തിന്റെ ഇരുവശത്തും 50 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി പണിയും.

Related Articles

Leave a Reply

Back to top button