കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് അടിയന്തിര പ്രവൃത്തികൾ ആരംഭിച്ചു.

കോടഞ്ചേരി: കിഫ്ബി പ്രവൃത്തിയായ കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് അടിയന്തിര പ്രവൃത്തികൾ ആരംഭിച്ചതായി ലിന്റോ ജോസഫ് എം.എൽ എ അറിയിച്ചു.
കണ്ണോത്ത്, കോടഞ്ചേരി-തമ്പലമണ്ണ ഭാഗങ്ങളിൽ യാത്ര ദുഷ്കരമായ ഇടങ്ങളിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
നേരത്തെ കരാർ കമ്പനിയായ നാഥ് കൺസ്ട്രക്ഷൻസിനെ പ്രവൃത്തിയിൽ പുരോഗതിയില്ലാത്തതിനാൽ കരാറിൽ നിന്ന് ടെർമിനേറ്റ് ചെയ്തിരുന്നു.
ഇവരുടെ ബാലൻസ് വർക്ക് പൂർത്തിയാക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ ചെയ്ത് പുതിയ കരാറുകാരനെ കണ്ടെത്തി പ്രവൃത്തി ആരംഭിക്കേണ്ടതുണ്ട് ഇതിന് കാലതാമസം നേരിടുമെന്ന് എം എൽ എ പറഞ്ഞു.
എന്നാൽ അഗസ്ത്യൻമുഴി പാലത്തിന് സമീപം,കണ്ണോത്ത് അങ്ങാടിക്ക് സമീപം, കോടഞ്ചേരി-തമ്പലമണ്ണ തുടങ്ങിയ ഭാഗങ്ങൾ യാത്രക്ക് കഴിയാത്ത വിധം ശോചനീയമായതിനാൽ അത് പരിഹരിക്കുകയും വേണം
അതുകൊണ്ട് ഇവിടങ്ങളിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 1.45 കോടി രൂപയുടെ അടിയന്തിര പ്രവൃത്തിക്ക് നിർദേശിച്ചു.എന്നാൽ കാലവർഷം അടുത്ത സാഹചര്യത്തിലും പ്രസ്തുത വർക്ക് ആരംഭിക്കുന്നതിന് പ്രൊസസിംഗ് കാലതാമസം വരുമെന്നതിനാലും റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് 1.45 കോടിയിൽ നിന്ന് 15 ലക്ഷം ക്വട്ടേഷൻ വർക്കായി ചെയ്യുന്നതിന് തീരുമാനിച്ചതായി എം എൽ എ പറഞ്ഞു.







