കാരശ്ശേരിയിൽ കൈത്തോടുകൾക്ക് പുനർജനി

കാരശ്ശേരി : നാശോന്മുഖമായി വറ്റിവരണ്ടുപോകുന്ന കൈത്തോടുകളും നീർച്ചാലുകളും ജനകീയപങ്കാളിത്തത്തോടെ വീണ്ടെടുക്കാൻ കാരശ്ശേരി പഞ്ചായത്ത് നടപടി ആരംഭിച്ചു. ഹരിതകേരളമിഷന്റെ ‘‘ഇനി ഞാൻ ഒഴുകട്ടെ’’ പദ്ധതിയുടെ ഭാഗമായാണ് ജലസംരക്ഷണ നടപടി. ജലക്ഷാമം കൂടുതലായി അനുഭവപ്പെടുന്ന പഞ്ചായത്തിൽ ജനങ്ങൾക്കും സസ്യ-ജന്തുജാലങ്ങൾക്കും ജീവജലം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ണും മാലിന്യവും അടിഞ്ഞുകൂടി ഏറെക്കാലമായി ഒഴുക്ക് നിലച്ച് ഉറവകളെല്ലാം വറ്റിപ്പോയ തണ്ണീർപൊയിൽ-പട്ടർച്ചോല-മുണ്ടയിൽ തോട് പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയോടെ പദ്ധതിക്ക് തുടക്കംകുറിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് ആമിന എടത്തിൽ, ആരോഗ്യ-ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, ടീം വെൽഫെയർ, വിവിധ സന്നദ്ധസംഘടനാ അംഗങ്ങൾ, രാഷ്ട്രീയസംഘടനാ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ നൂറോളംപേർ പങ്കെടുത്തു.






