Kerala

ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റി; സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ

കൊച്ചി: ഇടവെള ബാബുവിന് പിന്നാലെ നടി ബിന്ദു പണിക്കരും കോടതിയിൽ മൊഴിമാറ്റി. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് സാക്ഷി വിസ്താരത്തിനിടെയാണ് നടി ബിന്ദു പണിക്കർ മൊഴി മാറ്റിയത്. എറണാകുളം കോടതിയിലായിരുന്നു സാക്ഷി വിസ്താരം. പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വിരുദ്ധമായ മൊഴിയാണ് അവർ കോടതിയിൽ നൽകിയത്. നേരത്തെ കേസിൽ ഇടവേള ബാബുവും മൊഴി മാറ്റിയിരുന്നു.

ഇതോടെ രണ്ട് സാക്ഷികളാണ് വിരുദ്ധ മൊഴി നൽകിയത്. ഇന്ന് ബിന്ദു പണിക്കർക്ക് പുറമെ കുഞ്ചാക്കോ ബോബനും കോടതിയിൽ ഹാജരായിരുന്നു. നടൻ മുകേഷ് സാക്ഷി വിസ്താരത്തിന് വേണ്ടി അടുത്ത ദിവസം കോടതിയിൽ എത്തുമെന്നാണ് സൂചന. എട്ടാം പ്രതി ദിലീപും ഇരയായ നടിയും തമ്മിൽ ശത്രുതയുണ്ടായിരുന്നോ എന്നറിയാനാണ് താരങ്ങളെ വിസ്തരിക്കുന്നത്. വിശദാംശങ്ങൾ…

കേസിൽ ചോദ്യം ചെയ്ത വേളയിൽ പോലീസിന് നൽകിയ മൊഴിയല്ല ബിന്ദുപണിക്കർ കോടതിയിൽ പറഞ്ഞത്. ഇതിന് വിരുദ്ധമായ മൊഴിയാണ്. തുടർന്ന് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ബിന്ദു പണിക്കരെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരവും നടത്തി.

ഇതുവരെ 39 സാക്ഷികളുടെ വിസ്താരമാണ് കോടതിയിൽ നടന്നത്. ഇതിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിരുന്നു. പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വിരുദ്ധ മൊഴിയാണ് ഇടവേള ബാബു കോടതിയിൽ പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതി ദിലീപിന് പകയുണ്ടായിരുന്നു എന്നതിനുള്ള തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിനിമാ താരങ്ങളെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിക്കുന്നത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണം നടന്നതെന്നാണ് പോലീസ് നിഗമനം.

Related Articles

Leave a Reply

Back to top button