ഫുട്ബോൾ ടൂർണമെന്റിൽ കൈതപ്പൊയിൽ ലിസ കോളേജിന് കിരീടം

തിരുവമ്പാടി: അൽഫോൻസാ കോളേജിൽ നവംബർ 26ന് നടക്കുന്ന കോളേജ് ആനുവൽ ഫെസ്റ്റ് ‘ആക്ടിസൺ 26’ന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ കൈതപ്പൊയിൽ ലിസ കോളേജ് ജേതാക്കളായി. ഫൈനലിൽ നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിനെ പരാജയപ്പെടുത്തിയാണ് ലിസ കോളേജ് കിരീടം നേടിയത്.
11 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബൈത്തുൽ ഇസ്സ കോളേജിലെ ഫിറോസ് മികച്ച കളിക്കാരനായും മുഹമ്മദ് ഫഹദ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ലിസ കോളേജിലെ ഫയാസിനാണ് മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരം. വിജയികൾക്കുള്ള സമ്മാനദാനം കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് നിർവഹിച്ചു.
ഫെസ്റ്റിന് മുന്നോടിയായി ഹയർസെക്കൻഡറി, കോളേജ് തലങ്ങളിലായി ബാഡ്മിന്റൺ, മാരത്തൺ, സൈക്കിൾ റാലി, വടംവലി, റിസർച്ച് പേപ്പർ പ്രസന്റേഷൻ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
കോളേജ് മാനേജർ ഫാ. ആന്റണി കാരിക്കുന്നേൽ, ഫെസ്റ്റ് ക്യുറേറ്റർ ഫാ. ജിയോ മാത്യു, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം.സി., റോബിൻ ജോർജ്, യൂണിയൻ അഡ്വൈസർ സബിൻ തോമസ്, ജനറൽ ക്യാപ്റ്റൻ മുഹമ്മദ് സാബിത്ത് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.







