India

മെയ് നാല് മുതല്‍ സര്‍ക്കാര്‍-സ്വകാര്യമേഖല ജീവനക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധം; കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്രം നിര്‍ബന്ധമാക്കി. എല്ലാ ഓഫീസുകളിലും ജോലിക്കെത്തുന്നവരുടെ മൊബൈല്‍ ഫോണുകളില്‍ മെയ് നാല് മുതല്‍ ആരോഗ്യ സേതു ആപ്പ് ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ഏതെങ്കിലും ജീവനക്കാരുടെ മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ്പ് ഇല്ലെന്ന് കണ്ടെത്തിയാല്‍ അതിന്റെ ഉത്തരവാദിത്വം കമ്പനി മേധാവിക്കായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മെയ് 4 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവരും ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.

കോവിഡ് -19 അണുബാധയ്ക്ക് സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാന്‍ ആരോഗ്യ സേതു മൊബൈല്‍ അപ്ലിക്കേഷന്‍ ഉപഭോക്താക്കളെ സഹായിക്കും. കൊറോണ വൈറസ് അണുബാധ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും അതിന്റെ ലക്ഷണങ്ങളും ഉള്‍പ്പെടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ആപ്പ് വഴി ആളുകള്‍ക്ക് അറിയാനാകും.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ട് വച്ച ഏഴ് നിര്‍ദ്ദേശങ്ങളിലും ജനങ്ങള്‍ ആരോഗ്യ സേതു മൊബൈല്‍ അപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button