തുറന്നുകിടക്കുന്ന അഴുക്കുചാലുകൾ അപകടക്കെണി

തിരുവമ്പാടി: അങ്ങാടിയിൽനിന്ന് നാലുദിക്കുകളിലേക്കുമുള്ള റോഡുകളിലെ അഴുക്കുചാലുകൾ സ്ലാബിട്ട് മൂടാത്തത് അപകടക്കെണിയായി. കഴിഞ്ഞയാഴ്ച പോലീസ് സ്റ്റേഷന് സമീപം മിൽമുക്കിൽ അഴുക്കുചാലിൽവീണ് വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. മിൽമുക്കിലെ ഓമശ്ശേരി വീട്ടിൽ അബ്ദുല്ലയുടെ ഭാര്യ നഫീസ (65)യുടെ വാരിയെല്ലിനാണ് ഗുരുതര പരിക്ക്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിന് സമീപത്തെ മസ്ജിദിൽനിന്ന് നമസ്കാരംകഴിഞ്ഞ് മക്കളോടൊപ്പം വീട്ടിലേക്ക് തിരിച്ചുപോകവെയാണ് അപകടം. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന പാതയോരത്തെ അഴുക്കുചാലുകളൊന്നും സ്ലാബിട്ട് മൂടാത്ത നിലയിലാണ്. നടപ്പാതയായി ഉപയോഗിക്കുന്ന ഇവ തുറന്നുകിടക്കുന്നതാണ് അപകടത്തിന് വഴിയൊരുക്കുന്നത്. കോഴിക്കോട് റോഡ്, കൂടരഞ്ഞി റോഡ്, ആനക്കാംപൊയിൽ റോഡ് എന്നിവിടങ്ങളിൽ ചില ഇടങ്ങളിൽ മാത്രമാണ് നടപ്പാതകൾക്ക് അടപ്പുകൾ ഉള്ളത്. വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമുളള വഴികളിൽപോലും പലയിടത്തും സ്ലാബില്ലാതെ തുറന്ന നിലയിലാണ്. അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായാണ് പുതിയ അഴുക്കുചാലുകൾ നിർമിച്ചത്. ഇവ നിർമിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും സ്ലാബുകൾ പാകിയില്ല. ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കേണ്ട റോഡ് നിർമാണം രണ്ടുവർഷം പിന്നിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. റോഡുപണി കാരണം പൊടിശല്യവും രൂക്ഷമാണ്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാർച്ച് ആറിന് ടൗണിലെ വ്യാപാരികൾ റോഡുപണിക്കെത്തിയ വാഹനങ്ങൾ തടഞ്ഞിരുന്നു. പൊടിയടങ്ങാനായി നിത്യേന അങ്ങാടിയിൽ വെള്ളം വാഹനത്തിൽകൊണ്ടുവന്ന് തളിക്കുന്നുണ്ട്.
അഴുക്കുചാലുകൾക്ക് സ്ലാബുകൾ പണിയാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ. റോഡിന് സാധാരണ അഴുക്കുചാലാണ് പണിതിരിക്കുന്നത്. കേബിൾചാലിനുവേണ്ടി എസ്റ്റിമേറ്റിൽ 13 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ഇതില്ലാതെ നടക്കുന്ന നിർമാണത്തിനെതിരേ നാട്ടുകാർ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. കോടതിയിൽനിന്ന് ലഭിച്ച സ്റ്റേ ഉത്തരവ് നീങ്ങിയെങ്കിലും നിർമാണപ്രവൃത്തി എസ്റ്റിമേറ്റിൽനിന്ന് വ്യതിചലിച്ചതിനെതിരേ സമർപ്പിച്ച ഹരജിയിൽ കോടതിയലക്ഷ്യകേസ് നിലനിൽക്കുകയാണ്. നിയമപ്രശ്നം കാരണമാണ് അഴുക്കുചാലുകൾക്ക് സ്ലാബ് നിർമിക്കാൻ വൈകുന്നതെന്ന് കരാർകമ്പനി സൂപ്പർവൈസർ ജംഷി പറഞ്ഞു. അടുത്തയാഴ്ച ഈ പണികൾ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി






