Thamarassery

220 കെ.വി.ലൈനിന്റെ ഉയരം കൂട്ടും; വെട്ടിമാറ്റപ്പെടുന്ന മരങ്ങൾക്ക് കെ.എസ്.ഇ.ബി. നിശ്ചയിച്ച വിലനൽകും

താമരശ്ശേരി: പതിറ്റാണ്ടുകൾക്കുമുമ്പ് മരവിലമാത്രം വാങ്ങി വീടിനും പറമ്പിനും മുകളിലൂടെ വലിച്ച ഹൈടെൻഷൻ ലൈൻ അപ്‌ഗ്രേഡ് ചെയ്യുന്നത് നെടുവീർപ്പോടെ നോക്കിനിന്ന കുടുംബങ്ങൾക്ക് ഇനി അല്പം ആശ്വസിക്കാം. അപ്ഗ്രഡേഷൻ നടക്കുന്ന എല്ലാ പുതിയ ഹെടെൻഷൻ, എക്‌സ്ട്രാ ഹൈടെൻഷൻ ലൈനുകളുടെയും ‘റൈറ്റ് ഓഫ് വേ’ (ലൈനിന്റെ ചുറ്റുംവേണ്ട വിസ്തൃതി പരിധി)യ്്ക്ക് താഴെ വരുന്ന സ്ഥലത്തിന് ന്യായവിലയുടെ പതിനഞ്ച് ശതമാനം തുക നഷ്ടപരിഹാരമായി ലഭിക്കും.

വെട്ടിമാറ്റപ്പെടുന്ന മരങ്ങൾക്ക് കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കെ.എസ്.ഇ.ബി. നിശ്ചയിച്ച വിലയും ലഭ്യമാവും. സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ സർക്കുലറിനെത്തുടർന്ന് ഇത്തരത്തിലുള്ള ഭൂമിക്കുകൂടി നഷ്ടപരിഹാരം നൽകാൻ സംസ്ഥാനവൈദ്യുതി ബോർഡ് ഉത്തരവിട്ടു. പുതുതായി അപ്ഗ്രഡേഷനും നിർമാണവും നടക്കുന്നയിടങ്ങളിലെ ഹൈടെൻഷൻ, എക്‌സ്ട്രാ ടെൻഷൻ ലൈനിന്റെ റൈറ്റ് ഓഫ് വേക്ക്‌ പരിധിയിലെ ഭൂമിക്ക്‌ മാത്രമാണ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കുക.

നിലവിൽ 220 കെ.വി.ലൈനിന്റെ അപ്ഗ്രഡേഷൻ തുടരുന്ന കുന്ദമംഗലം, അഗസ്ത്യൻമുഴി സബ് സ്റ്റേഷൻ പരിധിയിലെ മൾട്ടിസർക്യൂട്ട് ലൈൻ കടന്നുപോവുന്നയിടങ്ങളിലെ സ്ഥലമുടമകൾക്ക് ഉൾപ്പെടെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാമെന്ന് കെ.എസ്.ഇ.ബി. ട്രാൻസ്ഗ്രിഡ് കോഴിക്കോട് സബ് ഡിവിഷൻ അധികൃതർ മാതൃഭൂമിയോട് പറഞ്ഞു. പണിനടക്കുന്നിടത്ത് ഹൈടെൻഷൻ ലൈൻ താഴ്ന്നുകാണുന്നതിൽ ആശങ്കവേണ്ടെന്നും സർക്യൂട്ട് പൂർത്തിയാക്കി റോളറിട്ട് കമ്പി വലിച്ച് ഫൈനൽ സേജിങ് ചെയ്ത് മുപ്പത് മീറ്ററോളം ഉയരത്തിലാണ് 220 കെ.വി. ലൈൻ അന്തിമമായി സ്ഥാപിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ട്രീ കട്ടിങ് നോട്ടീസ് നൽകിയശേഷം മാത്രമേ ഇനി ലൈനിന്റെ റൈറ്റ് ഓഫ് വേ പരിധിയിലെ മരങ്ങൾ വെട്ടിമാറ്റൂ. ഇതിന് നഷ്ടപരിഹാരവും ലഭ്യമാക്കും. കുന്ദമംഗലം, ചാത്തമംഗലം, മുക്കം നഗരസഭ എന്നിവിടങ്ങളിലൂടെ കടന്നുപോവുന്ന മൾട്ടിസർക്യൂട്ട് ലൈനിന് താഴെയുള്ള ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാവാത്തതും മരങ്ങൾ മുൻകൂട്ടിയറിയിക്കാതെ വെട്ടിമാറ്റുന്നതും സംബന്ധിച്ച മാതൃഭൂമി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണം.അറിയണം ഈ അർഹതപതിനെട്ടുവർഷം മുമ്പ് 110 കെ.വി.ലൈൻ വലിച്ച കുന്ദമംഗലം-അഗസ്ത്യൻമുഴി ഭാഗത്ത് ഉൾപ്പെടെ ദശാബ്ദങ്ങൾക്കുമുമ്പ് മൾട്ടിസർക്യൂട്ട് ലൈൻ സ്ഥാപിച്ച സംസ്ഥാനത്തെ എല്ലായിടങ്ങളിലും ടവർ നിർമിച്ച സ്ഥലങ്ങൾക്ക് മാത്രമാണ് ടെലഗ്രാഫ് ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകിയിരുന്നത്.

ഹൈടെൻഷൻ ലൈൻ വലിച്ചപ്പോൾ വെട്ടിമാറ്റിയ മരങ്ങൾക്ക് കണക്കാക്കിയ വില മാത്രമായിരുന്നു ലൈൻ കടന്നുപോവുന്നതിന് താഴെയുള്ള സ്ഥലത്തിന്റെ ഉടമകൾക്ക് കിട്ടിയത്. എന്നാൽ, പിന്നീട് ഇലക്‌ട്രിസിറ്റി ആക്ട് പ്രകാരമുള്ള ഭേദഗതിയോടെയാണ് ടവർ സ്ഥാപിക്കുന്നയിടങ്ങളിൽ ന്യായവിലയുടെ 85 ശതമാനവും ലൈൻ കടന്നുപോവുന്നയിടങ്ങളിൽ 15 ശതമാനവും നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങിയത്. അതേസമയം പുതിയ ഉത്തരവിനെക്കുറിച്ചോ നഷ്ടപരിഹാര അർഹത സംബന്ധിച്ചോ അറിയുന്നവർ ചുരുക്കം.

വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, തിരിച്ചറിയൽകാർഡിന്റെ പകർപ്പ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, നികുതിശീട്ട്, ലൊക്കേഷൻ സ്കെച്ച്, റവന്യൂ അധികൃതർ സാക്ഷ്യപ്പെടുത്തിയ ന്യായവില സർട്ടിഫിക്കറ്റ് എന്നിവ സഹിതം കെ.എസ്.ഇ.ബി.യുടെ ട്രാൻസ്മിഷൻ വിഭാഗ ഓഫീസുകളിൽ നൽകാം.

Related Articles

Leave a Reply

Back to top button