പാളയം വിട്ട് ന്യുജെൻ മാർക്കറ്റ്

കോഴിക്കോട്∙ നഗരത്തിന് ഇതാ ഒരു ഓപ്പൺ ഹാർട്ട് സർജറി. ഏറ്റവും തിരക്കേറിയ പാളയം മാർക്കറ്റ് അങ്ങു കിഴക്കേ അതിർത്തിയിൽ കല്ലുത്താൻകടവിലേക്കു കൂടുമാറാൻ ഒരുങ്ങുകയാണ്. ആധുനിക രീതിയിൽ നിർമിക്കുന്ന മാർക്കറ്റിന്റെ നിർമാണ പ്രവൃത്തികൾക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഇന്നലെ തുടക്കം കുറിച്ചു.നഗരത്തിന്റെ ഹൃദയത്തുടിപ്പായ പാളയം മാർക്കറ്റാണ് കല്ലുത്താൻ കടവിലേക്ക് മാറുന്നത്.
കോഴിക്കോട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ മാർക്കറ്റും അവിടത്തെ തിരക്കും. വിലപേശി മൊത്തവിലയ്ക്ക് പച്ചക്കറി മുതൽ ഉപ്പും കർപ്പൂരവും വരെ വാങ്ങിയാണ് ഇത്രയും കാലം ജീവിച്ചു പോന്നത്. ഈ മാർക്കറ്റ് കല്ലുത്താൻകടവിലേക്കു പറിച്ചു നടുമ്പോൾ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും.മാർക്കറ്റ് കൂടു മാറുന്നതോടെ പാളയം മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടുമെന്നാണ് കോർപറേഷന്റെ പ്രതീക്ഷ. മാർക്കറ്റ് പ്രവർത്തിച്ചിരുന്ന ഭാഗത്ത് ബസ് സ്റ്റാൻഡിനോടു ചേർന്ന് ആധുനിക രീതിയിലുള്ള വ്യാപാരകേന്ദ്രം നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ മാർക്കറ്റ് ഇങ്ങനെ
കല്ലുത്താൻകടവ്– പുതിയപാലം റോഡിന്റെ ഇരുവ ശങ്ങളിലുമായാണ് പുതിയ മാർക്കറ്റ് സമുച്ചയം രൂപകൽപന ചെയ്തിരിക്കുന്നത്. കല്ലുത്താൻകടവ് കോളനി നിവാസികളെ ഫ്ലാറ്റുകളിലേക്കു മാറ്റി താമസിപ്പിച്ചശേഷം കോളനിയുടെ സ്ഥലം നിരപ്പാക്കിക്കഴിഞ്ഞു. ഈ സ്ഥലത്താണ് രണ്ടു നിലയുള്ള പുതിയ ചില്ലറ കച്ചവടകേന്ദ്രം നിർമിക്കുന്നത്.
കച്ചവടകേന്ദ്രത്തിന്റെ നിർമാണത്തിന് തൊട്ടടുത്ത സ്ഥലവും ഏറ്റെടുത്തുകഴിഞ്ഞു. പച്ചക്കറി ചില്ലറ കച്ചവടകേന്ദ്രം, മൊത്തക്കച്ചവട കേന്ദ്രം എന്നിവയടക്കം മൂന്നു ഭാഗങ്ങളായാണ് പുതിയ മാർക്കറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. കല്ലുത്താൻകടവ് ഫ്ലാറ്റിനു സമീപത്ത് രണ്ടു ബ്ലോക്കുകളായി രണ്ടുനില കെട്ടിടം പണി പകുതിയായിക്കഴിഞ്ഞു. ഇവിടെയാണ് പച്ചക്കറി മൊത്തക്കച്ചവട കേന്ദ്രം വരുന്നത്.
കല്ലുത്താൻകടവ് ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയാണ് ഫ്ലാറ്റുകൾ നിർമിച്ചുനൽകിയത്. ഇതേ സൊസൈറ്റിയാണ് പുതിയ മാർക്കറ്റ് സമുച്ചയം നിർമിക്കുന്നതും. 35 വർഷത്തെ നടത്തിപ്പു കാലാവധിക്കു ശേഷം സൊസൈറ്റി ഇവ കോർപറേഷനു കൈമാറും. അതുവരെ പച്ചക്കറി മാർക്കറ്റ്, വാണിജ്യ സമുച്ചയം എന്നിവയിൽ നിന്നുള്ള വരുമാനം സൊസൈറ്റിക്ക് എടുക്കാമെന്നാണ് കരാർ. അരമന ഡവലപ്പേഴ്സാണ് സൊസൈറ്റി രൂപീകരിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്കോൺസ് ആണ് നിർമാണം നടത്തുന്നത്.
FROM ONMANORAMA…
Read more at: https://www.manoramaonline.com/district-news/kozhikode/2020/01/28/kozhikode-new-generation-vegetable-market.html







