കോവിഡ് മരണപ്പട്ടിക: കോഴിക്കോട് ജില്ലയിൽ മറച്ചുവച്ചത് 921 മരണങ്ങൾ

കോഴിക്കോട്∙ സർക്കാരിന്റെ കോവിഡ് മരണക്കണക്കിൽ ഉൾപ്പെടാതെ ജില്ലയിൽ 921 മരണങ്ങൾ. കോവിഡ് തുടങ്ങിയ കാലം മുതൽ ഇതുവരെ ജില്ലയിൽ ആകെ 2,254 പേർ കോവിഡ് മൂലം മരിച്ചെങ്കിലും 1,333 പേരെ മാത്രമേ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. കോവിഡ് ബാധിച്ച് 3 മാസത്തിനുള്ളിൽ മരിച്ചവരെയും സുപ്രീംകോടതി നിർദേശ പ്രകാരം കോവിഡ് പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ മരണസംഖ്യ ഇനിയും ഉയരും.
ഡോക്ടർമാർ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടും ചില ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം കണക്കുകൾ മറച്ചു വയ്ക്കുകയാണെന്ന് ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ ആരോപിക്കുന്നു. ആശുപത്രികളിൽ കോവിഡ് ബെഡിലും ഐസിയുവിലും വെന്റിലേറ്ററിലും കിടന്നു മരിച്ച രോഗികളുണ്ട്. അവർക്കു മറ്റു രോഗങ്ങളുമുണ്ടായിരുന്നു എന്ന പേരിൽ പലരെയും മരണപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. കോവിഡ് നെഗറ്റീവ് ആയ ശേഷം ന്യൂമോണിയ ബാധിച്ച് അതു പിന്നീട് ശ്വാസകോശത്തിൽ അണുബാധയായി രക്തത്തിൽ കലർന്നു സെപ്റ്റീസിമിയ ആയി മരിച്ചവരെപ്പോലും കോവിഡ് മരണക്കണക്കിൽ നിന്ന് ഒഴിവാക്കിയതായി ഡോക്ടർമാർ പറയുന്നു.
കൃത്യമായ രേഖകൾ സഹിതം ഡോക്ടർമാർ റിപ്പോർട്ട് ചെയ്ത മരണങ്ങൾ പോലും പട്ടികയിൽ നിന്ന് ഒഴിവാക്കി. അപൂർണ വിവരങ്ങൾ, മരണകാരണം വ്യക്തമല്ല തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചാണ് ഈ മരണങ്ങൾ ഇതുവരെ പട്ടികയിൽ ഉൾപ്പെടുത്താത്തത്. ദുരന്ത നിവാരണച്ചുമതലയുള്ള റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരും ഒരു വിഭാഗം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമാണു മരിച്ചവരുടെ എണ്ണം കുറച്ചു കാണിക്കാൻ കാരണമെന്നും ഡോക്ടർമാർ ആരോപിക്കുന്നുണ്ട്.
ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ ഒന്നര വർഷത്തിലേറെയായി അക്ഷീണം പ്രവർത്തിക്കുമ്പോഴും ചിലരുടെ വീഴ്ച മൂലം ആരോഗ്യ വകുപ്പ് പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരുന്നതിൽ ഡോക്ടർമാർക്ക് കടുത്ത അമർഷമുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളും വാക്സീനും കോവിഡ് ചികിത്സയും അടക്കം നാലിരട്ടി ജോലിയാണ് ഓരോ ഡോക്ടറും ചെയ്തുകൊണ്ടിരിക്കുന്നത്. മുൻ മന്ത്രിയുമായുള്ള അടുപ്പത്തിന്റെ പേരിൽ ചില സുപ്രധാന തസ്തികകളിൽ എത്തിയ, അനുഭവപരിജ്ഞാനം കുറഞ്ഞ ഉദ്യോഗസ്ഥരാണ് കണക്കുകളിൽ കൃത്രിമം കാണിക്കാൻ കൂട്ടുനിന്നതെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.







