തിരുവമ്പാടി മണ്ഡലത്തിൽ ഇന്നലെ കനത്ത മഴ; ഇന്ന് മഴയ്ക്കു ശമനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മണ്ഡലം സജ്ജം; ലിൻ്റോ ജോസഫ്

തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. ചിലയിടങ്ങളിൽ ഉണ്ടായ ഒറ്റപ്പെട്ട അപകടങ്ങൾ ഒഴിച്ചാൽ മണ്ഡലത്തിൽ കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മണ്ഡലത്തിൽ ഇന്ന് മഴയ്ക്ക് ശമനം ഉള്ളതായാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകുന്നേരത്തോടുകൂടി ശക്തിപ്രാപിച്ച മഴയിൽ, ചെറുപുഴകളിലെല്ലാം ജലനിരപ്പ് ഉയർന്നിരുന്നു. ഈങ്ങാപ്പുഴയിൽ ശക്തമായും, തിരുവമ്പാടിയിൽ ചെറുതായും ടൗണുകളില്‍ വെള്ളം കയറി. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ മണ്ഡലം സജ്ജമാണെന്ന് തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് പറഞ്ഞു.
കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ – ആനക്കാംപൊയിൽ റോഡില്‍ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തിരുവമ്പാടി – ആനക്കാംപൊയില്‍ റൂട്ടില്‍ പെരുമാളിപ്പടിക്കു സമീപം കെ.എസ്.ആര്.ടി.സി ബസിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുണ്ടായ കനത്ത മഴ കാരണം ചാലിയാര്‍ പുഴയിലും ജലനിരപ്പുയര്‍ന്നു. പുഴയിലെ റെഗുലേറ്റര്‍ ഷട്ടറുകള്‍ ഉയര്‍ത്തി തീരവാസികള്‍ക്ക് കലക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നൽകിയിരുന്നു.







