ഹിറ്റാച്ചി ചളിയിൽ താഴ്ന്നതിനെ തുടർന്ന് കുപ്പായക്കോട് ഈങ്ങാപ്പുഴ റോഡ് അറ്റകുറ്റപ്പണി തടസ്സപ്പെട്ടു

കോടഞ്ചേരി: മഴമൂലം നിർത്തിവെച്ച കുപ്പായക്കോട് ഈങ്ങാപ്പുഴ റോഡിന്റെ അറ്റകുറ്റപ്പണി പുനരാരംഭിക്കാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടി. ഇടിഞ്ഞ് തോട്ടിൽ വീണ പാർശ്വഭിത്തി പുനർനിർമിക്കാനായി ഫൗണ്ടേഷൻ എടുക്കാനിറക്കിയ ഹിറ്റാച്ചി ചളിയിൽ താഴ്ന്നു. എൻജിനിൽ ചെളി കയറിയതോടെ പ്രവൃത്തി ഇന്നലെ നിർത്തിവെക്കേണ്ടിവന്നു. തോട്ടിലെ നീരൊഴുക്ക് തിരിച്ചുവിട്ടെങ്കിലും കരിങ്കൽക്കെട്ടിനു സമീപത്തുള്ള വെള്ളക്കെട്ട് നിർമാണപ്രവൃത്തിക്ക് തടസ്സം സൃഷ്ടിക്കുകയാണെന്നും വെള്ളക്കെട്ട് ഒഴിവാകുന്നതുവരെ പണി തുടരാൻ കഴിയാത്ത അവസ്ഥയാണെന്നും പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
റോഡിന്റെ അറ്റകുറ്റപ്പണി അനിശ്ചിതമായി നീളുന്നതിനെതിരേ വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് എൻജിനിയറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനമായത്. പറഞ്ഞ ദിവസം പ്രവൃത്തി തുടങ്ങാതിരുന്നതോടെ പ്രവർത്തകർ കരാറുകാരായ മലബാർ പ്ലസ് കമ്പനിയുടെ ലോറികൾ തടഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് ചൊവ്വാഴ്ച അറ്റുകുറ്റപ്പണി ആരംഭിച്ചത്.







