പുതുപ്പാടി ഗ്രാമപഞ്ചായത്ത് 38.08 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു

പുതുപ്പാടി: കായിക രംഗത്തിനും, ഉൽപാദന മേഖലക്കും പ്രാധാന്യം നൽകികൊണ്ട് പുതുപ്പാടി ഗ്രാമപഞ്ചായത്ത് 38,08,93,000 രൂപ വരവും 37,82,27,937 രൂപ ചിലവും 46,03,465 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ അവതരിപ്പിച്ച ബജറ്റിൽ നെല്ല്, തെങ്ങ് കൃഷികൾക്കും തരിശു നിലം കൃഷിയോഗ്യമാക്കി ജൈവപച്ചക്കറി പ്രോൽസാഹിപ്പിക്കുന്നതിനും വിപണനത്തിനുമായി 34 ലക്ഷം രൂപയും, മൃഗസംരക്ഷണത്തിനും ക്ഷീരമേഖലക്കും പ്രാധാന്യം നൽകികൊണ്ട് കാലിത്തീറ്റക്കും പാലിനും സബ്സിഡിയും പശു, ആട്, പോത്ത്, കോഴി വളർത്തൽ പദ്ധതികൾക്കും മറ്റു മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 82 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിലൂടെ മണ്ണ്, ജലസംരക്ഷണ പദ്ധതികൾക്ക് 67 ലക്ഷം രൂപയും ഉൾപ്പെടെ 7 കോടി 84 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ച് കായിക മേഖലക്ക് പ്രാധാന്യം നൽകി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കളിസ്ഥലങ്ങൾ നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപയും കലാകായിക പ്രവർത്തനങ്ങൾക്ക് 6.5 ലക്ഷം രൂപയും കൂടി നൽകി 57 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ശിശുക്ഷേമത്തിന് 7.5 ലക്ഷം രൂപയും പോഷകഹാരത്തിന് 65 ലക്ഷം രൂപയും വയോജനങ്ങൾക്ക് 16 ലക്ഷം രൂപയും വനിതാ വികസനത്തിന് 31 ലക്ഷം രൂപയും ഭിനെനശേഷി വിഭാഗങ്ങൾക്ക് 54 ലക്ഷം രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് 65 ലക്ഷം രൂപയും ആരോഗ്യ മേഖലക്ക് 43.5 ലക്ഷം രൂപയും ശുചിത്വ മേഖലക്ക് 33.5 ലക്ഷം രൂപയും അംഗനവാടികൾക്ക് 23 ലക്ഷം രൂപയും പാർപ്പിട മേഖലക്ക് 4.53 കോടി രൂപയും വകയിരുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു ബജറ്റ് അവതരണ ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ആയിഷബീവി, എം.കെ.ജാസിൽ, അഡ്വ. ആയിഷക്കുട്ടി സുൽത്താൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജു ഐസക്, ഷംസു കുനിയിൽ, ഷിൻജോ തൈക്കൽ, കെ.ജി ഗീത, ഐബി റെജി, സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.







