Koodaranji

മലയോര ഹൈവേ ആദ്യഘട്ട ടാറിംഗ്; കൂമ്പാറയിലും ആരംഭിച്ചു

കൂടരഞ്ഞി: മലയോര ഹൈവേയുടെ നിർമ്മാണം നടക്കുന്ന കൂമ്പാറ മുതൽ കൽപ്പിനി വരെയുള്ള ഭാഗങ്ങളിൽ ഒന്നാംഘട്ട ടാറിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ പുല്ലൂരാംപാറ മുതൽ കൂടരഞ്ഞി വരെയുള്ള ഭാഗങ്ങളിൽ ഭാഗികമായി ആദ്യഘട്ട ടാറിംഗ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.

തിരുവമ്പാടി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് നാന്ദികുറിക്കുന്ന സ്വപ്ന പദ്ധതിയാണ് മലയോരഹൈവേ. ടൂറിസം കാർഷികരംഗത്തും പുത്തൻ ഉണർവേകും. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനം 2020 ഓഗസ്റ്റ്‌ 11-ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് നിർവഹിച്ചത്. രണ്ട് വർഷത്തിനകം പൂർത്തിയാക്കുമെന്നാണ് നിർമാണകരാർ. 34.3 കി.മി. നീളമുള്ള പാത 12 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. ബി.എം.ബി.സി. നിലവാരത്തിൽ ഏഴുമീറ്റർ വീതിയിലാണ് ടാറിങ്.

ഇരുവശങ്ങളിലും ഓടകൾ, ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നുപോകുന്നതിനുള്ള കോൺക്രീറ്റ് ചാൽ, നിശ്ചിതദൂരം ഇടവിട്ട് ക്രോസ് ഡക്ടുകൾ, കാര്യേജ്‌വേ, പ്രധാന കവലകളിൽ ഇന്റർലോക്ക് കട്ടകൾ പാകിയ നടപ്പാതകൾ, സൗരോർജവിളക്കുകൾ, സിഗ്നൽലൈറ്റുകൾ, വിശ്രമകേന്ദ്രങ്ങൾ, ബസ്ബേകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കക്കാടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് എന്നിവ ഒരുക്കും.

155 കോടിക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി കരാർ ഏറ്റെടുത്തിരിക്കുന്നത്. മലയോര, കുടിയേറ്റ നിവാസികളുടെ സ്വപ്ന പദ്ധതിയായ മലയോരഹൈവേക്കായി നാട്ടുകാർ സ്ഥലം സൗജന്യമായി വിട്ടുനൽകുകയായിരുന്നു. ഏതാനും പേർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും നിയമനടപടി പാതയുടെ നിർമാണത്തെ പ്രതികൂലമായി ബാധിച്ചില്ല.

Related Articles

Leave a Reply

Back to top button