മുക്കത്തെ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം കണ്ടെത്തി

മുക്കം : നഗരസഭാ പരിധിയിലെ ഹോട്ടലുകളും ബേക്കറികളും കൂൾബാറുകളും കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് സംഘം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ കണ്ടെത്തി.
നഗരസഭാപരിധിയിലെ 16 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ എണ്ണ, മയണൈസ്, പഴകിയ മൈദമാവ് എന്നിവ കണ്ടെത്തി നശിപ്പിച്ചത്. മുക്കം ബസ്‌സ്റ്റാൻഡിലെ ടേസ്റ്റി കൂൾബാറിൽനിന്നാണ് പഴകിയ മയണൈസ് കണ്ടെത്തിയത്. അഭിലാഷ് ജങ്ഷനിലെ ഹണീബി കൂൾബാറിൽനിന്ന് പഴകിയ ഓയിലും മുക്കത്തെ മലബാർ ചപ്പാത്തി കമ്പനിയിൽനിന്ന് പഴകിയ ഓയിലും മൈദമാവും കണ്ടെത്തി. നഗരസഭാ കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു പരിശോധന. പഴകിയ ഭക്ഷണപദാർഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെയും ലൈസൻസ് ഇല്ലാത്തവയുടെ പേരിലും കർശനനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജെ.എച്ച്.ഐ.മാരായ ശ്രീജിത്ത്, ബീധാ ബാലൻ, സജിത എന്നിവരും സ്ക്വാഡിലുണ്ടായിരുന്നു. സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്നും വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.







