കാട്ടുപന്നിശല്യത്തിനെതിരേ നടപടിയില്ല; ഭരണസമിതിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്

മുക്കം : മുക്കം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യം അതിരൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭാ ചെയർപേഴ്സൺ കർഷകരെ വഞ്ചിക്കുകയാണെന്നാരോപിച്ച് നഗരസഭ ഭരണസമിതിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. ഭരണസമിതിയോഗത്തിൽ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ കാട്ടുപന്നികളെ കൂട്ടത്തോടെ നശിപ്പിക്കുന്നതിന് കാടിളക്കി വെടിവെക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യം ചെയർപേഴ്സൺ തള്ളുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വേണു കല്ലുരുട്ടി പറഞ്ഞു.
തൊട്ടടുത്തുള്ള പഞ്ചായത്തുകളിൽ കാട്ടുപന്നികളെ വേട്ടയാടി നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നിയമപ്രശ്നം ചൂണ്ടിക്കാട്ടി പിന്നോട്ടുപോവുകയാണ് ചെയർപേഴ്‌സൺ പി.ടി. ബാബു ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു. കാട്ടുപന്നികളെ വെടിവെച്ചതിന്റെ പ്രതിഫലം മാസങ്ങൾ കഴിഞ്ഞിട്ടും എംപാനൽ ഷൂട്ടർമാർക്ക് നൽകാത്തത് നഗരസഭയ്ക്ക് ഈ വിഷയത്തിലെ താത്‌പര്യമില്ലായ്മയാണ് കാണിക്കുന്നതെന്ന് പൊതുമരാമത്ത് ചെയർമാൻകൂടിയായ മജീദ് ബാബുവും പറഞ്ഞു. കാട്ടുപന്നിവിഷയത്തിൽ ഒരാഴ്ച മുമ്പ് കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകർ നഗരസഭയിലേക്ക് മാർച്ച് ചെയ്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. സെപ്റ്റംബർ 30-ന് മുമ്പായി തീരുമാനമുണ്ടാക്കുമെന്ന് സെക്രട്ടറി, ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി എന്നിവർ കർഷകർക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
ഈ ഉറപ്പ് ചൂണ്ടിക്കാണിച്ചാണ് തിങ്കളാഴ്ച നടന്ന യോഗത്തിൽ കൗൺസിലർമാർ വിഷയമുന്നയിച്ചത്. നഗരസഭയുടേത് കർഷകവിരുദ്ധ സമീപനമാണെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ യോഗം ബഹിഷ്കരിച്ച് മുക്കത്ത് പ്രകടനം നടത്തി. വേണു കല്ലുരുട്ടി, അബു മുണ്ടുപാറ, ഗഫൂർ കല്ലുരുട്ടി, എം.കെ. യാസർ, കൃഷ്ണൻ വടക്കയിൽ, എം. മധു, മജീദ് ബാബു, കെ.കെ. റുബീന, ബിന്നി മാനോജ്, സാറ കൂടാരം, ഫാത്തിമ കൊടപ്പന, സക്കീന കബീർ, റംല ഗഫൂർ എന്നിവർ നേതൃത്വം നൽകി.







