നെല്ലിപ്പൊയിൽ ക്ഷീരസഹകരണസംഘത്തിന് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ

കോടഞ്ചേരി : മിൽമ മലബാർ മേഖലാ യൂണിയന്റെ അനുബന്ധസ്ഥാപനമായ എം.ആർ.ഡി. എഫു.മായി സഹകരിച്ച് ക്ഷീരകർഷകർക്ക് അധികവരുമാന മാർഗമായി നെല്ലിപ്പൊയിൽ ക്ഷീരോത്‌പാദക സഹകരണസംഘത്തിന്റെ സഹകരണത്തോടെ നിർമിച്ച സമ്പുഷ്ടീകരിച്ച ചാണകപ്പൊടി പാക്കറ്റിന്റെ വിപണന ഉദ്ഘാടനവും നെല്ലിപ്പൊയിൽ ക്ഷീരോത്‌പാദക സഹകരണസംഘം ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ പ്രഖ്യാപനവും മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു.
ക്ഷീരമേഖലയിൽ കർഷകരെ പിടിച്ചുനിർത്താൻ മിൽമ നൂതനപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ, അപകട, കന്നുകാലി ഇൻഷുറൻസുകൾ, ഭവന നിർമാണം, വിവാഹസഹായം, ചികിത്സാ സഹായങ്ങൾ എന്നിവയ്ക്കും മറ്റു ക്ഷേമപ്രവർത്തനങ്ങളിലും മിൽമ ഭരണസമിതി നൂതനപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി കർഷകരെ സഹായിക്കുന്നുണ്ടെന്നും കെ.എസ്. മണി പറഞ്ഞു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായധനത്തോടെ സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് അധ്യക്ഷനായി. മിൽമ മലബാറിൽ മേഖലാ യൂണിയൻ ഡയറക്ടർ പി. ശ്രീനിവാസൻ കന്നുകാലിമരണ ഇൻഷുറൻസ് വിതരണോദ്ഘാടനം നടത്തി. നെല്ലിപ്പൊയിൽ ക്ഷീരോത്‌പാദക സഹകരണസംഘം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, എം.ആർ.ഡി.എഫ്. കോഴിക്കോട് സി.ഇ.ഒ. ജോർജുകുട്ടി ജേക്കബ്, ജോസ് പെരുമ്പള്ളി, കൊടുവള്ളി ബ്ലോക്ക് ക്ഷീരവികസന ഓഫീസർ റെജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.







