Mukkam
മോട്ടോർ കേടാവുന്നത് പതിവ് ; കുടിവെള്ളമില്ലാതെ നൂറോളം കുടുംബങ്ങൾ

മുക്കം : കുടിവെള്ളപദ്ധതിയുടെ മോട്ടോർ കേടാകുന്നത് പതിവായതോടെ കടുത്തവേനലിലും വെള്ളമില്ലാതെ നൂറോളം കുടുംബങ്ങൾ. നഗരസഭ പത്താം ഡിവിഷനിലെ തടപ്പറമ്പ് ഐ.എച്ച്.ഡി.പി. കോളനിയിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറോളം കുടുംബങ്ങൾക്കാണ് ഇടയ്ക്കിടെ കുടിവെള്ളം മുടങ്ങുന്നത്.
പട്ടികജാതി, പട്ടികവികസന ഫണ്ടിൽനിന്നനുവദിച്ച 50 ലക്ഷംരൂപ ചെലവഴിച്ച് ഒന്നരവർഷംമുൻപാണ് പദ്ധതി യാഥാർഥ്യമാക്കിയത്. വാട്ടർ അതോറിറ്റിക്കായിരുന്നു പദ്ധതിയുടെ നിർവഹണച്ചുമതല.
ഒന്നരവർഷത്തിനിടെ ഒട്ടേറേത്തവണ മോട്ടോർ കേടായി. ഓരോതവണ കേടാകുമ്പോഴും ദിവസങ്ങളോളം കുടിവെള്ളവിതരണം മുടങ്ങും. സ്വകാര്യ കുടിവെള്ളവിതരണ ഏജൻസിക്ക് രണ്ടായിരത്തോളം രൂപ നൽകിയും സമീപത്തെ കിണറുകളിൽനിന്ന് വെള്ളംകോരി തലച്ചുമടായി എത്തിച്ചുമാണ് കുടുംബങ്ങൾ ആവശ്യങ്ങൾ നിറവേറ്റുന്നത്.






