Kodanchery

പണിമുടക്ക് ദിനത്തിൽ തുഷാരഗിരിയിലും പതങ്കയത്തും സഞ്ചാരികളുടെ തിരക്ക്

കോടഞ്ചേരി: പണിമുടക്ക് ദിനത്തിൽ തുറന്നു പ്രവർത്തിച്ച തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലും അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിലും സഞ്ചാരികളുടെ തിരക്ക്. ഇരുവഞ്ഞിപ്പുഴയിലെ നാരങ്ങാത്തോട് പതങ്കയത്താണ് സഞ്ചാരികളുടെ തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്.വനം വകുപ്പിന്റെ അധീനതയിലുള്ള തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിൽ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ 350 സന്ദർശകരാണ് എത്തിയത്. 

രണ്ടാം ദിനം 620 സന്ദർശകർ എത്തി. പ്രവേശന ഫീസ് ഇനത്തിൽ ആദ്യ ദിനത്തിൽ 14,230 രൂപയും ഇന്നലെ 18,600 രൂപയും ലഭിച്ചു. തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിൽ പണിമുടക്ക് ദിനങ്ങളിൽ 10 പേർ വീതം ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു.തുഷാരഗിരിയിൽ ഡിടിപിസിയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇനത്തിൽ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ 3,890 രൂപയും ഇന്നലെ 2,740 രൂപയും ലഭിച്ചു. ഡിടിപിസി സെന്ററിൽ 6 പേർ ഡ്യൂട്ടിക്ക് എത്തിയെങ്കിലും 2 പേർ മാത്രമാണ് ഡ്യൂട്ടി ബുക്കിൽ ഒപ്പിട്ടത്. 

4 പേർ പണിമുടക്കിനെ അനുകൂലിച്ച് ഡ്യൂട്ടി ബുക്കിൽ ഒപ്പിടാതെയാണ് ജോലി ചെയ്തത് എന്ന് സെന്റർ മാനേജർ ഷെല്ലി മാത്യു പറഞ്ഞു.അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രവേശന ഫീസ് ഇനത്തിൽ പണിമുടക്കിന്റെ ആദ്യദിനത്തിൽ 3,300 രൂപയും ഇന്നലെ 4,240 രൂപയും ലഭിച്ചു. ഡിടിപിസിയുടെ 3 ജീവനക്കാരും ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു.തുഷാരഗിരിയിൽ ഹോട്ടലുകൾ അടക്കമുള്ള കടകൾ തുറന്നു പ്രവർത്തിച്ചു. പതങ്കയം നാരങ്ങാത്തോട് അങ്ങാടിയിൽ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ കടകൾ തുറന്നെങ്കിലും പണിമുടക്ക് അനുകൂലികൾ എത്തി അടപ്പിച്ചു. രണ്ടാം ദിനം എല്ലാ കടകളും തുറന്നിരുന്നു.

Related Articles

Leave a Reply

Back to top button