പൂവാറൻതോടിൽ വീണ്ടും കാട്ടാനക്കൂട്ടം

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോടിൽ വീണ്ടും കാട്ടാനക്കൂട്ടം. ആദിവാസിയുവാവിന്റെ അഞ്ഞൂറോളം വാഴകൾ നശിപ്പിച്ചു. ചെല്യാട്ട് ബിനു പാട്ടസ്ഥലത്ത് നടത്തിയ വാഴക്കൃഷിയാണ് തിങ്കളാഴ്ച രാത്രി കാട്ടാനകൾ കൂട്ടമായെത്തി ചവിട്ടിമെതിച്ചത്. കുട്ടികൾ ഉൾപ്പെടെ ആറ് കാട്ടാനകളാണുണ്ടായിരുന്നത്. വായ്പയെടുത്ത് ഇളംതുരുത്തി നാസറിന്റെ ഭൂമിയിൽ നട്ട ഏത്തവാഴകളാണ് കൂട്ടമായി നശിപ്പിച്ചത്. കുലച്ച വാഴകൾ പാടേ ചവിട്ടിമെതിച്ചിട്ട നിലയിലാണ്. കാട്ടാനകൾ ഒറ്റയ്ക്കും കൂട്ടമായെത്തിയും കൃഷിനശിപ്പിക്കുന്നത് മേഖലയിൽ ആവർത്തിക്കുകയാണ്. ഒറ്റരാത്രികൊണ്ടാണ് കൃഷിയിടമാകെ വെളുപ്പിക്കുന്നത്. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ആദിവാസികൾ ഉൾപ്പെടെയുള്ള കർഷക കുടുംബങ്ങൾ.
കൃഷിയെമാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് ഏറെയും. ജനവാസമേഖലയിൽ കാട്ടാന സാന്നിധ്യം ആശങ്കവർധിപ്പിച്ചിരിക്കുകയാണ്. വിനോദസഞ്ചാരമേഖല കൂടിയാണിത്. ആനക്കൂട്ടത്തെ വനമേഖലയിലേക്ക് തുരത്തിവിടാൻ വനംവകുപ്പ് ശ്രമം നടത്തുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. വനംവകുപ്പ് താമരശ്ശേരി റെയ്ഞ്ചിന് അധീനതയിലുള്ള പ്രദേശമാണിത്. തമ്പുരാൻകൊല്ലി വനമേഖലയിൽനിന്നുമാണ് ആനകൾ സ്ഥിരമായെത്തുന്നത്. കാട്ടാനഭീതി ഒഴിവാക്കാൻ അടിയന്തരനടപടി വേണമെന്നും കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വനംവകുപ്പ് നടപടിസ്വീകരിക്കണമെന്നും കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ അധ്യക്ഷനായി.







