ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങളുമായി യുവാക്കൾ പിടിയിൽ

ഫറോക്ക് :ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി ഉൽപന്നങ്ങളുമായി 2 യുവാക്കൾ എക്സൈസ് പിടിയിൽ. കിണാശ്ശേരി ഹൈസ്കൂളിനു സമീപം കെ.കെ.ഹൗസിൽ അബ്ദുൽ നാസർ(24), ചെറുവണ്ണൂർ ശാരദാമന്ദിരം ചോളമ്പാട്പറമ്പ് ഫർഹാൻ(22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു ക്രിസ്റ്റൽ രൂപത്തിലുള്ള 310 ഗ്രാം എംഡിഎംഎ, 1.8 കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.എക്സൈസ് ഇന്റലിജൻസും ഫറോക്ക് റേഞ്ചും ചേർന്നു ഒളവണ്ണ ഒടുമ്പ്രയിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഫർഹാൻ അവിടെ നിന്നു പരിചയപ്പെട്ട നൈജീരിയൻ സ്വദേശി മുഖേന എംഡിഎംഎ എത്തിച്ചതെന്നു മൊഴി നൽകി. എംഡിഎംഎ ഗ്രാമിനു 25,000 രൂപയ്ക്കാണ് വിൽപന നടത്തുന്നതെന്നും എക്സൈസ് അറിയിച്ചു. ഫറോക്ക് റേഞ്ച് ഇൻസ്പെക്ടർ കെ.സതീശൻ, ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എ.പ്രജിത്ത്, പ്രിവന്റീവ് ഓഫിസർ പ്രവീൺ ഐസക്, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.ശ്രീശാന്ത്, എ.സവീഷ്, എം.റെജി, പി.വിപിൻ, എൻ.സുജിത്ത്, ഡ്രൈവർ പി.സന്തോഷ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.







