Local

കാറ്റും മഴയും പിന്നെ വെള്ളക്കെട്ടും കർഷകർക്ക് ദുരിതകാലം

കാരശ്ശേരി : കാറ്റും മഴയും വെള്ളക്കെട്ടുംചേർന്ന് വാഴക്കർഷകരെ കണ്ണീരിലാഴ്ത്തുകയാണ്. സമീപവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തേ ആരംഭിക്കുകയും തീവ്രമായി തുടരുകയുംചെയ്യുന്ന കാറ്റും മഴയുംമൂലം കൃഷിനാശം സംഭവിച്ചവരിൽ ഏറ്റവുംമുന്നിൽ ഏത്തവാഴക്കർഷകരാണ്. കുലകൾ വിളവെടുക്കുന്നതിനു മുന്നേതന്നെ മഴതുടങ്ങിയതാണ് കഷ്ടകാലമായത്. വാഴകൾ കാറ്റിലും മഴയിലും ഒടിഞ്ഞുവീണതിനുപുറമേ ഇപ്പോൾ എല്ലായിടത്തും വെള്ളക്കെട്ടുയർന്നതും വലിയഭീഷണിയുയർത്തുകയാണ്.

വെള്ളത്തിൽനിൽക്കുന്ന വാഴകൾ വേരുകൾ ചീഞ്ഞ് തണ്ടുപഴുത്ത് ഒടിഞ്ഞുവീഴുകയാണ്. അധികം വാഴകളും കുലച്ചിട്ട് ഒരുമാസമേ ആയിട്ടുള്ളൂ. അതുകൊണ്ട് നാശംനേരിടുന്ന വാഴകളുടെ ഇത്തരം മൂക്കാത്ത കുലകൾ എടുക്കാൻ ആളില്ല. വാഴകൾ കൂട്ടത്തോടെ നശിക്കുന്നതുകൊണ്ട് വിൽപ്പനയ്ക്കെത്തിക്കുന്ന മൂത്തകുലകൾ കൂട്ടത്തോടെ വാങ്ങാനും ആളില്ലാത്ത അവസ്ഥയാണ്. സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിനടത്തുന്ന കർഷകർക്ക് വലിയ ദുരിതമാണ് മഴക്കാലത്ത് വന്നുപെട്ടിട്ടുള്ളത്.

കാരമൂല സ്വദേശി സി. ഉമ്മർകോയയുടെ 5000-ത്തോളം വാഴകളിൽ 2500-ഓളം വാഴകളാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ കാറ്റിൽ നശിച്ചുപോയത്. ബാങ്കിൽനിന്നു ലോൺ എടുത്താണ് പതിനഞ്ചുവർഷമായി കൃഷിചെയ്യുന്നത്. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ബാക്കിയുള്ള വാഴകളും പഴുപ്പ് ബാധിച്ചും മറ്റും നശിക്കുന്ന അവസ്ഥയാണ്. ഒരുമാസം പ്രായമായ കുലയായതുകൊണ്ട് വിപണിയിൽ വിൽക്കാൻ പറ്റാത്തവയുമാണ്. കരശ്ശേരി പഞ്ചായത്തിലെ ചോണട്, അക്കരപ്പറമ്പ്, മാന്ത്ര, വലിയപറമ്പ് ഭാഗത്തെ ഒട്ടേറെ കർഷകരുടെ നേന്ത്രവാഴകൾ ഒടിഞ്ഞുനശിച്ചു. ഒന്നൊന്നരമാസം കഴിഞ്ഞാൽ വിളവെടുക്കാറായ കുലകളാണ് അധികവും ഒടിഞ്ഞുനശിച്ചത്. കരിമ്പനക്കണ്ടി മുഹമ്മദ്‌ അലി, ഒക്കല്ലെറി സൈദ്, അടുക്കത്തിൽ മുഹമ്മദ്‌ ഹാജി, വഹാബ്, സുബൈർ, ജബ്ബാർ, വാസു, സുന്ദരൻ, ചന്ദ്രൻ, കാരശ്ശേരി ആക്കോട്ട് ചാലിൽ സുബിൻ തുടങ്ങിയവരുടെയെല്ലാം കൃഷി നശിച്ചിട്ടുണ്ട്.

കൊടിയത്തൂർ പഞ്ചായത്തിലെ കർഷകരായ വി.സി. സദാനന്ദൻ, സി.പി. അബ്ദുൽ ഹമീദ്, എം.സി. അബൂബക്കർ, കെ.കെ.സി. അബ്ദുറഹിമാൻ, എ.പി. അലി, വി.സി. ബാബു, കെ. മജീദ്, കെ. അലവി, ടി.ടി. മുഹമ്മദ്, എം.സി. അനസ് തുടങ്ങിയവരുടെ വാഴക്കൃഷി നശിച്ചു. സർക്കാരിൽനിന്നു കിട്ടുന്ന ഇൻഷുറൻസ് നഷ്ടപരിഹാരമാണ് വാഴക്കർഷകർക്ക് ചെറിയ ആശ്വാസം. എത്രയും പെട്ടെന്ന് കർഷകർക്കുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.പി. ജമീല അഭ്യർഥിച്ചു.

Related Articles

Leave a Reply

Back to top button