Mukkam

ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രതിധികൾ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി

മുക്കം: കുന്ദമംഗലം ബി.ആർ.സി ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം മുക്കത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽനിന്ന് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഒ ശരീഫുദ്ദീൻ, എൻ.കെ സലീം, അലവി എ അച്ചുതൊടിക എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഹയർസെക്കൻഡറി വിഭാഗത്തിലാണ് സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. സ്കൂളിലെ തനതിടം ഓപ്പൺ സ്റ്റേജ് ആൻഡ് ഓഡിറ്റോറിയം, ബഷീർ സ്ക്വയർ, ഹെറിറ്റേജ് മ്യൂസിയം എന്നിവ പരിഗണിച്ചാണ് പുരസ്കാരം. സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ പഠന ബോധനപ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസപരിപാടികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്ന പരിപാടിയാണ് ഇന്നവേറ്റീവ് സ്കൂൾ.

ചേന്ദമംഗലൂരിലെ പതിന്നാലോളം റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ സ്ക്രാപ് ചലഞ്ചിലൂടെ പണം കണ്ടെത്തിയാണ് തനതിടം ഒരുക്കിയത്. പൂർവ അധ്യാപകർ, ഇസ്‌ലാഹിയ അസോസിയേഷൻ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെ എട്ടരലക്ഷം രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമായത്. മലയാളത്തിന്റെ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയ്ക്കായാണ് സ്കൂളിൽ ബഷീർ സ്ക്വയർ ഒരുക്കിയത്. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച പുരസ്കാര വിതരണച്ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അംഗം കെ.പി രാമനുണ്ണി, മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു, കെ.പി ചാന്ദ്നി, എസ്.എസ്.കെ ജില്ലാ കോ-ഓഡിനേറ്റർ ഡോ.എ.കെ അബ്ദുൽ ഹക്കീം, എ.ഇ.ഒ ഓംകാരനാഥൻ, ബി.പി.സി പി.എൻ അജയൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button