ഇനി ചെറിയ ചിലവിൽ മൂന്നാറിന്റെ ഭംഗി ആസ്വദിക്കാം; പുതിയ പദ്ധതിയുമായി കെ എസ് ആർ ടി സി

കോഴിക്കോട്: കുറഞ്ഞ ചിലവിൽ മൂന്നാർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി പുതിയ പദ്ധതിയുമായി കെ എസ് ആർ ടി സി. പദ്ധതിയുടെ ഭാഗമായുള്ള കെ എസ് ആർ ടി സിയുടെ സൈറ്റ് സീയിങ് ബസ്
മൂന്നാർ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെട്ട് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെ എസ് ആർ ടി സി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കും, കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരു വ്യക്തിക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്.
ഇതോടൊപ്പം മലബാറിൽ നിന്ന് മൂന്നാറിലേക്കുള്ള യാത്രക്കാർക്കായി സുൽത്താൻ ബത്തേരി-കോഴിക്കോട്-മൂന്നാർ സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് ലഭ്യമാണ്. സുൽത്താൻ ബത്തേരിയിൽ നിന്ന് 08:45PMന് എടുക്കുന്ന ബസ് 10:45PMന് കോഴിക്കോടും മൂന്നാറിൽ 6:30AMനും എത്തിച്ചേരുന്നതാണ്. മൂന്നാറിൽ നിന്ന് തിരിച്ച് 07:30PMന് ബസ് പുറപ്പെടും.
ഓൺലൈൻ റിസർവേഷൻ ലഭ്യമാണ് : online.keralartc.com







