ആകാശവാണി ആനയാംകുന്ന്; നിങ്ങൾ കാണുന്നത് സമ്പൂർണ റേഡിയോ ഗ്രാമം

മുക്കം: മലയോര മേഖലയായ ആനയാംകുന്ന് ഗ്രാമത്തിലെ സുപ്രഭാതങ്ങൾക്ക് ഇനി വീണ്ടും റേഡിയോയുടെ ഈണവും താളവും. സമ്പൂർണ റേഡിയോ ഗ്രാമമാകാൻ ‘ആകാശവാണി’ പദ്ധതിക്കു തുടക്കമിടുകയാണു കാരശ്ശേരി പഞ്ചായത്തില ആനയാംകുന്ന് വാർഡ്. വാർഡിലെ എല്ലാ വീടുകളിലും സൗജന്യമായി റേഡിയോ വിതരണം ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണു പദ്ധതി.
ഒരു കാലഘട്ടത്തിൽ മലയാളികളുടെ പ്രഭാതത്തിന്റെ ഈണവും താളവുമായിരുന്നു റേഡിയോ. യുവവാണിയും ബാലലോകവും ഇഷ്ടചലച്ചിത്രഗാനങ്ങളുമെല്ലാം റേഡിയോയിലൂടെയാണു മലയാളികൾ ആസ്വദിച്ചിരുന്നത്. ആ നല്ലനാളുകളുടെ തിരിച്ചുവരവിനായി പഞ്ചായത്തംഗം സുനിത രാജന്റെ ശ്രമഫലമായാണു പത്തിന പദ്ധതികളിൽ ഉൾപ്പെടുത്തി ‘ആകാശവാണി’ പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ആകാശവാണി ന്യുസ് റീഡർ ഹക്കീം കൂട്ടായി നിർവഹിച്ചു. ലോകമെങ്ങും റേഡിയോ വീണ്ടും കരുത്താർജിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആനയാംകുന്നിനെ മറ്റു പഞ്ചായത്തുകളും വാർഡുകളും മാതൃകയാക്കണമെന്നും അദേഹം അഭ്യർഥിച്ചു.
നെടിയിൽ മമ്മദിന് റേഡിയോ നൽകി റേഡിയോ വിതരണം പഞ്ചായത്ത് അംഗം സുനിത രാജൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്തംഗം പി.പി.ശിഹാബ് ആധ്യക്ഷ്യം വഹിച്ചു. എം.ടി.അഷറഫ്, എ.പി.മുരളീധരൻ, ഇ.പി.ബാബു, വി.എൻ.ജംനാസ്, കുഞ്ഞാലി മമ്പാട്ട്, ഗസീബ് ചാലൂളി, സമാൻ ചാലൂളി, മുജീബ് കറുത്തേടത്ത്, എം.ടി.സൈത് ഫസൽ, സത്യൻ മുണ്ടയിൽ എന്നിവർ പ്രസംഗിച്ചുഒന്നാം ഘട്ടത്തിൽ 30 വീടുകളിലാണ് 1400 രൂപ വിലയുള്ള റേഡിയോ സൗജന്യമായി വിതരണം ചെയ്യുന്നത്. പ്രായമുള്ളവർക്കും കിടപ്പുരോഗികൾക്കും മുൻഗണന നൽകിയാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും യുവതലമുറയെ റേഡിയോയിലേക്ക് ആകർഷിക്കുകയും ലക്ഷ്യമാണ്.







