വന്യജീവി ആക്രമണത്തിൽ കാട്ടുപന്നിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് പുലിഭീതിയൊഴിയുന്നില്ല. വന്യജീവി ആക്രമണത്തിൽ കാട്ടുപന്നിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പുലിയോ ചെന്നായയോ ആയിരിക്കുമെന്ന നിഗമത്തിലാണ് വനം വകുപ്പ്. പൂതംകുഴിയിൽ പാണ്ടിയാലപ്പടവിൽ ജോളിയുടെ പറമ്പിലാണ് കാട്ടുപന്നിയുടെ ജഡംകണ്ടെത്തിയത്. വയർഭാഗം ഭക്ഷിച്ചനിലയിലാണ്. കാലടയാളങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെന്നും നിരീക്ഷണ ക്യമാറ സ്ഥാപിച്ചതായും വനംവകുപ്പ് നായർകൊല്ലി സെക്ഷൻ ഓഫീസർ കെ. മണി അറിയിച്ചു.
ആർആർടിയുടെ നേതൃത്വത്തിൽ നിരീക്ഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്നും കേവലം ഒരുകിലോമീറ്റർ അകലെയാണ് കഴിഞ്ഞമാസം പുലി പൊട്ടക്കിണറ്റിലെ മാളത്തിൽ കുടുങ്ങിയിരുന്നത്. കഴിഞ്ഞ ജനുവരിയിൽ വനപാലകർ പെരുമ്പൂള കൂരിയോട് സ്ഥാപിച്ച കൂട്ടിലും പുലിയകപ്പെട്ടിരുന്ന സമീപപ്രദേശമാണിത്.
ജനവാസ മേഖലയിൽ പുലികളുടെ സാന്നിധ്യം നാട്ടുകാരിൽ ഭീതി പടർത്തിയിരിക്കുകാണ്. മേഖലയിൽ വളർത്തുമൃഗങ്ങളെ കാണാതാകുന്നതും കൊല്ലപ്പെടുന്നതും ആവർത്തിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി പൂത്തനാൽ ജോണിയുടെ നായയെ കാണാതായിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജെറീന റോയ്, വാർഡംഗം ജോണി വാളിപ്ലാക്കൽ തുടങ്ങിയവർ സ്ഥലത്തെത്തി.







