കൊടിയത്തൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു

കൊടിയത്തൂർ: 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷിബു 2022-23 വാർഷിക പദ്ധതിയുടെ കരട് രേഖ അവതരിപ്പിച്ചു.
സാധാരണക്കാർ ഉൾപ്പെടെ താഴേ തട്ടിലുള്ള ജനവിഭാഗങ്ങളുടെ ക്ഷേമം മുന്നിൽ കണ്ട് കാർഷിക മേഖലയിലും ക്ഷീര വികസന മേഖലയിലുമെല്ലാം നൂതന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭ്യസ്തവിദ്യരായ വനിതകളെ ഉൾപ്പെടെ മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും അഭിമുഖ സാങ്കേതിക വിദ്യ ഉൾപ്പെടെ നൽകി സ്വയം പ്രാപ്തരാക്കുന്നതിനും അതിലൂടെ അവർക്ക് ഉയർന്ന ജീവിത നിലവാരം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു കേന്ദ്രം, സ്പോർട്സ് അക്കാദമി, കലാ ക്ഷേത്രം, എക്സലൻസി സെന്റർ, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പന്നിക്കോട് പ്രവർത്തനം നടത്തുന്ന ഓട്ടീസം സെന്ററിന് പുതിയ ഭിന്ന ശേഷി സൗഹൃദ കെട്ടിടവുമെല്ലാം ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തോട്ടുമുക്കം കൈതപൊയിൽ കുടിവെള്ള പദ്ധതി, പന്നിക്കോട് മിനി സ്റ്റേഡിയം സ്ഥലമെടുപ്പ്, കൊടിയത്തൂർ ജി.എം യൂ.പി സ്കൂൾ ഓപ്പൺ ഓഡിറ്റോറ്റോറിയം സ്റ്റേജ് എന്നീ പ്രൊജക്റ്റുകളും ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്.







