Thiruvambady

എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ആനക്കാംപൊയിലിൽ സഹായനിധി കമ്മിറ്റി രൂപീകരിച്ചു

തിരുവമ്പാടി : അത്യപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച ഡേവിഡ്, ഏറൻ, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി 50 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി ആനക്കാംപൊയിൽ തലത്തിൽ ചികിത്സാ സഹായനിധി കമ്മിറ്റി രൂപീകരിച്ചു. കുഞ്ഞുങ്ങളുടെ തുടർചികിത്സ ഉറപ്പാക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ വിപുലമായ ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യം.

ചികിത്സാ സഹായനിധി കമ്മിറ്റി രൂപീകരണ യോഗം തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മനോജ് വാഴെപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ഷൈജോ, ഗ്രാമപഞ്ചായത്ത് അംഗം സജ്ന മുഹമ്മദാലി, മുക്കം നഗരസഭ കൗൺസിലർ ജിജി ജയരാജ് എന്നിവർ പ്രസംഗിച്ചു.

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ആനക്കാംപൊയിൽ ഇടവക വികാരി ഫാ. മിൽട്ടൺ മുളങ്ങാശേരി, മുത്തപ്പൻപുഴ ഇടവക വികാരി ഫാ. ജോഷി ചക്കിട്ടമുറി, ആനക്കാംപൊയിൽ മസ്ജിദ് ഖത്തീബ് അബ്ദുൾ നാസർ ഇഹ്സാനി, ജനറൽ കൺവീനർ ഷാഹിർ എന്നിവർ നേതൃത്വം നൽകി.

ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ, വിവിധ മേഖലകളിൽ നിന്നുള്ള നാട്ടുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുഞ്ഞുങ്ങളുടെ ചികിത്സ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടു പോകുന്നതിനായി ജനകീയ പിന്തുണയോടെ വിപുലമായ ധനസമാഹരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button