റോഡിൽ നരകയാത്ര തുടങ്ങിയിട്ട് ഒന്നരവർഷം: സഹികെട്ട നാട്ടുകാർ ഭീമഹർജി നൽകി

കാരശ്ശേരി : മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായി പകുതിദൂരം വരുന്നസ്ഥലത്ത് കുറുകെ കിടങ്ങുകൾ കുഴിച്ചനിലയിലാണ്. ബാക്കിഭാഗം മെറ്റലിട്ടത് ഇളകി വലിയകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഉരുണ്ടതും കൂർത്തതുമായ മെറ്റൽ ചിതറിക്കിടക്കുന്ന അവസ്ഥയിലുമാണ്.
ദുരിതയാത്രയ്ക്ക് അറുതിവേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് മന്ത്രി, കളക്ടർ, എം.എൽ.എ., പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഭീമഹർജി നൽകി. പരിഹാരം വൈകുന്നപക്ഷം തിരുവമ്പാടി പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് ജാഥ നടത്തുമെന്നും നാട്ടുകാർ പറഞ്ഞു.
4.5 കിലോമീറ്റർവരുന്ന റോഡ് ബി..എം. ആൻഡ് ബി.സി. നിലവാരത്തിലാക്കാൻ 5.5 കോടിക്ക് നവീകരണപ്രവൃത്തി തുടങ്ങിയിട്ട് ഒന്നരവർഷത്തിലേറെയായി. രണ്ടുറീച്ചുകളായി പ്രവൃത്തി തുടങ്ങിയതിൽ ആദ്യറീച്ചിൽ എട്ട് സ്ഥലത്ത് റോഡിനുകുറുകെ കലുങ്കിനായി കിടങ്ങുകൾ കുഴിച്ചിട്ടനിലയിൽ ഇന്നും കിടക്കുകയാണ്. പണിനിലച്ചിട്ട് മാസങ്ങളായി. നിശ്ചിതസമയത്ത് പണി പൂർത്തിയാക്കാത്തതിനാൽ കരാറുകാരനെ രണ്ടുമാസംമുൻപ് നീക്കി. തുടർന്ന് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കയുമാണ്. ഇതിന് തീർപ്പാകുംവരെ പണി പുനരാരംഭിക്കില്ല.
റോഡ് പ്രവൃത്തി തുടങ്ങിയതുമുതൽ ഈ റൂട്ടിൽ ബസ് ഗതാഗതവും മുടങ്ങിക്കിടക്കുകയാണ്. ഇതുവഴിതന്നെ പോകേണ്ട ഇരുചക്ര വാഹനങ്ങളും കാറുകളുമൊക്കെ കിടങ്ങിൽ ചാടാതെ സാഹസികമായാണ് കടന്നുപോകുന്നത്. വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഏറെദൂരം നടന്ന് അയൽപ്രദേശത്തെത്തിയാണ് ബസ്‌യാത്ര നടത്തുന്നത്. ഓട്ടോറിക്ഷകൾപോലും ഇതുവഴി വിളിച്ചാൽ വരില്ല. രണ്ടാമത്തെ റീച്ചിൽപ്പെട്ട കുമാരനെല്ലൂർഭാഗം ടാറിങ്ങിനായി മെറ്റൽ വിരിച്ചിട്ട് മാസങ്ങളായി. മഴ തുടങ്ങിയതോടെ പണി നിർത്തിയതാണ്. മെറ്റൽ ഇളകി വഴിനിറയെ വലിയ കുഴികളാണ്. ബസുകൾ, സ്കൂൾ വാഹനങ്ങൾ ഉൾപ്പടെ ഈ റൂട്ട് ഉപേക്ഷിച്ച് ഓട്ടം മറ്റു വഴികളിലൂടെയാക്കി.







