പോലീസിനെ കണ്ടു യുവാക്കള്‍ കിണറ്റില്‍ ചാടി; ഒന്നും അറിയാതെ സോഡയും കഴിച്ച് പോലീസ് മടങ്ങി; സിനിമയെ വെല്ലുന്ന കഥയിങ്ങനെ

ചങ്ങരംകുളം: സംസ്ഥാനത്ത് ആകമാനം ലഹരിമാഫിയ പിടിമുറുക്കുകയാണ്. എടപ്പാള്‍, ചങ്ങരംകുളം മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. പ്രദദേശത്തെ സ്കൂളുകളും കോളേജുകളും കേന്ദീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വില്പന തകൃതിയായി നടക്കുകയാണ്. പല കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ചങ്ങരംകുളെ പോലീസ് സ്റ്റേഷനു സമീപത്ത് മാന്തടത്ത് സോഡ കഴിക്കാന്‍ നിര്‍ത്തിയ പോലീസ് വാഹനം കണ്ട് ഓടി കിണറില്‍ വീണ സംഘം പ്രദേശത്ത് ലഹരി വില്പന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാന്തടം സെന്ററില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സിനിമയെ പോലും വെല്ലുന്ന നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
രാത്രി പത്ത് മണിയോടെ ചങ്ങരംകുളം പോലീസ് പെട്രോളിങ്ങിനിറങ്ങിയപ്പോള് മാന്തടം സെന്ററില്‍ ചായ കുടിക്കാനായി നിര്‍ത്തി. ഈ സമയം റോഡില്‍ നിന്നിരുന്ന പന്താവൂര്‍, വട്ടംകുളം, കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ പോലീസിനെ കണ്ടതോടെ റോഡിനോട് ചേര്‍ന്നു കിടക്കുന്ന പറമ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പറമ്പില്‍ മറയില്ലായിരുന്ന കിണറിലേക്ക് ഒന്നിന് പിറകെ ഒന്നായി വട്ടംകുളം പന്താവൂര്‍ സ്വദേശികളായ യുവാക്കള്‍ വീണു. യുവാക്കള്‍ ഓടിയതും രണ്ടു പേര് കിണറ്റില്‍ വീണതും അറിയാതെ സോഡയും കഴിച്ച് പോലീസ് വാഹനം തിരിച്ച് പോവുകയും ചെയ്തു.
കിണറില്‍ എന്തോ വീഴുന്ന ശബ്ദം നാട്ടുകാര്‍ കേള്‍ക്കുകയും നിലവിളിയും മറ്റും കേട്ട് നാട്ടുകാര്‍ ഓടിക്കൂടി പരിശോധിച്ചു. രണ്ട് യുവാക്കള്‍ കിണറില്‍ വീണു അലമുറയിട്ട് കരയുന്നത് കണ്ട് നാട്ടുകാരും ഞെട്ടി. ഓടിക്കൂടിയ സമീപവാസികള്‍ ചേര്‍ന്ന് കയര്‍ സംഘടിപ്പിച്ച് കിണറ്റലിട്ടു കൊടുത്ത് രണ്ടു പേരെയും കരയക്കു കയറ്റി. 26 അടിയോളം വരുന്ന വെള്ളം വറ്റി തുടങ്ങിയ കിണറ്റില്‍ രണ്ടു പേര് വീണിട്ടും ഒരു പോറല്‍ പോലും ഏറ്റില്ല. ഇതിനിടെ സംഭവമറിഞ്ഞ് ചങ്ങരംകുളം പോലീസ് വീണ്ടും സ്ഥലത്തെത്തി.
ഇതിനിടെ കിണറ്റില്‍ നിന്നു കയറ്റിയ ഉടനെ വട്ടംകുളം സ്വദേശിയായ യുവാവ് വീണ്ടും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു പന്താവൂര്‍ സ്വദേശിയായ യുവാവിനെയും കൂടെയുണ്ടായിരുന്ന മാന്തടത്ത് ജോലിക്ക് വന്ന് താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ മറ്റൊരു യുവാവിനെയും നാട്ടുകാര്‍ ചേര്‍ന്ന് പോലീസിന് കൈമാറുകയായിരുന്നു.







