കർഷകസമരത്തെ പിന്തുണച്ച് ജിയോ സിം കാർഡ് വിൽപ്പന നിർത്തി വ്യാപാരികൾ

മുക്കം: റിലയൻസ് കമ്പനിക്കെതിരെ 160 ദിവസത്തിലധികം നീണ്ടു നിന്ന സമരത്തിലൂടെ ജനശ്രദ്ധ നേടിയ മുക്കത്ത് ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണയർപ്പിച്ച് വേറിട്ട പ്രതിഷേധവുമായി മുക്കത്തെ വ്യാപാരികൾ. ജിയോ സിം കാർഡും അനുബന്ധ ഉൽപന്നങ്ങളും കർഷക സമരം അവസാനിക്കും വരെ വിൽപ്പന നിർത്തിവച്ചാണ് മുക്കത്തെ മൊബൈൽ ഷോപ്പ് ഉടമകൾ കർഷക സമരത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിനെ കൂട്ടുപിടിച്ചു കോർപറേറ്റ് ഭീമൻമാർ രാജ്യത്തെ കാർഷിക മേഖല തകർക്കാൻ ഒരുങ്ങുന്നതിനെതിരെ ജിയോ കണക്ഷനുകൾ മറ്റു കമ്പനികളിലേക്ക് പോർട്ട് ചെയ്ത് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുക്കം ആലിൻചുവട്ടിൽ നടന്ന ബഹിഷ്കരണ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എം.കെ. സിദീഖ് ഉദ്ഘാടനം ചെയ്തു. കെ.എം. അഷ്റഫ് അലി, റഹീം, സലീം, റഫീഖ്, മുനീർ, മുഹമ്മദ്, ഇബ്രാഹിം, നവാസ്, സാജുദ്ധീൻ,അഷ്റഫ്, സംസീർ, എൻ.കെ. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു







