പുതുപ്പാടിയിൽ അഗ്നിരക്ഷാനിലയം വേണം; ആവശ്യവുമായി നാട്ടുകാർ

പുതുപ്പാടി: താമരശേരി ചുരത്തിലടക്കം അപകടങ്ങൾ പതിവാകുമ്പോഴും, മലയോരത്ത് പ്രകൃതിദുരന്തങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ പുതുപ്പാടി കേന്ദ്രീകരിച്ച് അഗ്നിരക്ഷാ നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവന്നു.
താമരശേരി, പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിൽ അപകടങ്ങളുടെ നീണ്ടനിരയുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനായി മുക്കം, കൽപ്പറ്റ, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിരക്ഷാസേന എത്തിയത്. ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും പ്രളയക്കെടുതിയും ഈ 3 പഞ്ചായത്തുകളിലെയും പരിധിയിൽ പതിവാണ്.
കാലവർഷം കനക്കുമ്പോൾ താമരശേരി പൊതുമരാമത്ത് ഗസ്റ്റ്ഹൗസ് മുറ്റത്ത് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് നിലയുറപ്പിക്കുന്നത് പതിവ് കാഴ്ചയാണ്
താമരശേരി, പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി പഞ്ചായത്തുകളിൽ അത്യാഹിതമുണ്ടായാൽ ഫയർ സർവീസ് സഹായം എത്തിച്ചേരാൻ മണിക്കൂറുകൾ വേണ്ടിവരും. അടുത്ത് ഫയർ സ്റ്റേഷൻ ഇല്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ ഇടവരുത്തുന്നതാണ്. ഇതിനുള്ള പരിഹാരമായാണ് ജനങ്ങൾ പുതിയ അഗ്നിരക്ഷാനിലയം സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
മുക്കത്തും, നരിക്കുനിയിലും, കൽപ്പറ്റയിലും മാത്രമാണ് ഏറ്റവും അടുത്ത ഫയർ സ്റ്റേഷൻ ഉള്ളത്, ചുരത്തിനടുത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ ചുരം സംരക്ഷണ സമിതി പ്രവർത്തകരും ആവശ്യമുന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സർക്കാർ ഈ ആവശ്യം പരിഗണിക്കും എന്നുള്ള പ്രതീക്ഷയിലാണ് ജനപ്രതിനിധികളും, ജനങ്ങളും.







