Thiruvambady
കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർഷക ശിൽവുമായി കർഷകൻ

തിരുവമ്പാടി ∙ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർഷക ശിൽവുമായി കർഷകൻ. ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ നേതാവും കർഷകനുമായി തിരുവമ്പാടി മറ്റത്തിൽ ജയിംസാണ് സിമന്റിൽ കർഷകശിൽപം നിർമിച്ചത്.
നിലവിലുള്ള കർഷകന്റെ അവസ്ഥ സൂചിപ്പിച്ച് ഒരു കയ്യിൽ തൊപ്പിപ്പാളയുടെ ഭിക്ഷാപാത്രവും മറുകയ്യിൽ കയറുമായി നിൽക്കുന്ന കർഷകന്റെ പ്രതിമയാണ് രണ്ട് മാസം കൊണ്ടു ജയിംസ് പൂർത്തിയാക്കിയത്. ജയിംസിന്റെ കയ്യിൽ മണ്ണും മരവും ശിൽപങ്ങളായി മാറുന്നത് കൗതുകരകമായ കാഴ്ചയാണ്.
ഒഴിവു സമയങ്ങളിലാണ് ശിൽപനിർമാണം. ശാസ്ത്രീയമായ ശിൽപ നിർമാണം പഠിച്ചിട്ടില്ല. തിരുവമ്പാടിയിൽ നടന്ന ഹരിതായനം ഫെസ്റ്റിൽ ജയിംസിന്റെ ശിൽപ പ്രദർശനം ഏറെ ശ്രദ്ധ നേടിയിരുന്നു. സിമന്റിൽ തീർത്ത ഒട്ടകപ്പക്ഷി, മരത്തിലും വേരുകളിലും ചിരട്ടയിലും രൂപപ്പെടുത്തിയ പക്ഷികൾ, ജീവിരൂപങ്ങൾ തുടങ്ങിയവയാണ് ഏറെ പ്രശംസ നേടിയവ.







