അഹമ്മദാബാദ് ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം; തിരുവമ്പാടി സ്വദേശി അഞ്ജനക്ക്

തിരുവമ്പാടി: അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി തിരുവമ്പാടി സ്വദേശിനിയും അൽഫോൻസാ കോളേജ് വിദ്യാർഥിനിയുമായ അഞ്ജന എ.എസ്.
കുട്ടികളുടെ കഥ പറയുന്ന ‘മധുരസ്മിതം’ എന്ന സംസ്കൃത ചിത്രത്തിലെ അഭിനയത്തിനാണ് അഞ്ജനയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. ചിത്രത്തിന് മികച്ച ബാലചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു.
അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേള 2026 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ അഹമ്മദാബാദിലെ ടാഗോർ ഹാളിലാണ് നടന്നത്. ചിത്രത്തിന്റെ പുരസ്കാരദാന ചടങ്ങും ടാഗോർ ഹാളിൽ നടന്നു.
സുരേഷ് ഗായത്രിയാണ് ‘മധുരസ്മിതം’ സംവിധാനം ചെയ്തത്. രാമചന്ദ്രൻ എൻ.കെ., രേമാബായി കെ.ജി., മനോഹരൻ കെ.ഇ., ലാലി ബി.ആർ., ഗിരീഷ്കുമാർ എസ്. എന്നിവരാണ് നിർമ്മാതാക്കൾ. ചിത്രത്തിന്റെ കഥ ബുല കിഷോർകുമാറും തിരക്കഥ എസ്.എസ്. അരുണുമാണ് നിർവഹിച്ചത്.
തിരുവമ്പാടിയിൽ വഴിയോരം ഹോട്ടൽ നടത്തുന്ന ഷിബുവിന്റെയും ശ്യാമളയുടെയും മകളാണ് അഞ്ജന. അൽഫോൻസാ കോളേജിലെ രണ്ടാം വർഷ ബി.എസ്സി. സൈക്കോളജി വിദ്യാർഥിനിയായ അഞ്ജന തിരുവമ്പാടി ന്യൂസിന്റെ വാർത്താ അവതാരിക കൂടിയാണ്.
പുരസ്കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അഞ്ജന തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
‘മധുരസ്മിതം’ നേരത്തെയും വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പുതിയ അംഗീകാരത്തോടെ ചിത്രത്തിന്റെയും അഞ്ജനയുടെയും നേട്ടം തിരുവമ്പാടിക്കും അഭിമാനമായി.







