Thiruvambady

മലയോരമേഖലയിൽ രണ്ട് ജലവൈദ്യുത പദ്ധതികൾ കൂടി

തിരുവമ്പാടി: മലയോരമേഖലയിൽ സംസ്ഥാന വൈദ്യുതി വകുപ്പിന്റെ രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾകൂടി യാഥാർഥ്യത്തിലേക്ക്. ഓളിക്കൽ, പൂവാറൻതോട് ജലവൈദ്യുത പദ്ധതികളുടെ സിവിൽ പ്രവൃത്തികളുടെ നിർമാണമാണ് ആരംഭിച്ചത്. പൊയിലിങ്ങാപുഴയിലാണ് ഇരു പദ്ധതികളും സ്ഥിതി ചെയ്യുന്നത്. 5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് തിരുവമ്പാടി പഞ്ചായത്തിലെ ഓളിക്കൽ പദ്ധതി. 10.26 മില്യൻ യൂണിറ്റാണ് വാർഷിക ഉത്പാദനം ലക്ഷ്യമിടുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് പദ്ധതിയിൽ 3 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. 5.88 മില്യൻ യൂണിറ്റാണ് വാർഷിക ഉത്പാദനം പ്രതീക്ഷിക്കുന്നത്. 20.98 കോടി രൂപയാണ് ഓളിക്കൽ പദ്ധതിയുടെ സിവിൽ ജോലികളുടെ നിർമാണച്ചെലവ്. പൂവാറൻതോട് പദ്ധതിയുടേത് 21.59 കോടി രൂപയും.

പി.ജി.സി.സി.പി.എൽ-ആര്യ കോൺ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കരാർ. ഇലക്ട്രോ മെക്കാനിക്കൽ ജോലികൾ കിർലോസ്കർ ബ്രദേഴ്‌സാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രവൃത്തികളും ഉടനെ ആരംഭിക്കും. ചൈനീസ് സാങ്കേതിക സഹായത്തോടെ 20 വർഷം മുമ്പ് പൊയിലിങ്ങാപുഴയിൽ പ്രവർത്തനം തുടങ്ങിയ ഉറുമി ഒന്നും രണ്ടും ഘട്ട ചെറുകിട ജല വൈദ്യുത പദ്ധതിയുടെ മുകളിലായാണ് രണ്ട് പദ്ധതികൾകൂടി വരുന്നത്. ഇവിടെ ഒന്നാം ഘട്ടത്തിൽ 3.75 മെഗാവാട്ടും രണ്ടാം ഘട്ടത്തിൽ 2.4 മെഗാവാട്ടും വൈദ്യുതി നിലവിൽ ഉത്പാദിപ്പിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button