നാലുദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചുകടന്ന അമ്മ പിടിയിൽ

പന്തീരാങ്കാവ്:നാലുദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മ അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫെയ്സ്ബുക്കിലൂടെ ഒരുവർഷം മുമ്പ് പരിചയപ്പെട്ട എറണാകുളം സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയെ പന്തീരാങ്കാവ് സ്വദേശിയാണ് വിവാഹം ചെയ്തത്. നേരത്തെ വിവാഹിതയാണെന്നും പതിമ്മൂന്ന് വയസ്സുള്ള ഒരു മകളുണ്ടെന്നുമുള്ള വിവരം ഒളിച്ചുവെച്ചാണ് യുവതി വീണ്ടും വിവാഹിതയായത്. ആദ്യ ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇവർ. കോഴിക്കോട് ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയാണെന്നാണ് എറണാകുളത്തെ വീട്ടുകാരോട് പറഞ്ഞിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് സിസേറിയൻ ഒപ്പറേഷനിലൂടെയാണ് നാലുദിവസം മുൻപ് യുവതിക്ക് കുഞ്ഞുപിറന്നത്. ഇതിനിടയിലാണ് ഇവർ നേരത്തെ വിവാഹിതയായിരുന്നെന്നും കുട്ടിയുണ്ടെന്നുമുള്ള വിവരം ഭർതൃവീട്ടുകാർ അറിയുന്നത്. ഇതോടെ കുഞ്ഞിനെ ഭർതൃവീട്ടിൽ ഉപേക്ഷിച്ച് യുവതി കടന്നുകളയുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ യുവതി തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. പന്തീരാങ്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ഇതിനുമുമ്പേ രണ്ട് വിവാഹം ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്







