തൃക്കുടമണ്ണ തൂക്കുപാലം ഇനിയും പുനർനിർമിച്ചില്ല

കാരശ്ശേരി : ഇത്തവണ കർക്കടകവാവിന് പിതൃബലിതർപ്പണത്തിനായി തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് എത്തിച്ചേരേണ്ട ഭക്തജനങ്ങൾക്ക് യാത്ര വലിയ ദുരിതമാകും.ഇരുവഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണ കടവിലെ തൂക്കുപാലം തകർന്നുവീണത് ഇനിയും പുനർനിർമിക്കാത്തതാണ്കാരണം. കഴിഞ്ഞവർഷത്തെ പ്രളയത്തിലാണ് തൂക്കുപാലം തകർന്ന് പുഴയിൽ പതിച്ചത്. പുഴയുടെ മധ്യത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുക്കം ടൗൺ വഴി എത്തുന്നവർക്ക് ക്ഷേത്രത്തിലേക്ക് എത്താനുള്ള മാർഗം തൂക്കുപാലമായിരുന്നു. പാലമില്ലാത്തതിനാൽ അഗസ്ത്യൻമുഴി വഴിയും മുക്കം കടവ് കുമാരനല്ലൂർ വഴിയും കിലോമീറ്റർ ചുറ്റിക്കറങ്ങി വേണം ക്ഷേത്രത്തിലെത്താൻ. പുഴയുടെ തൊട്ടക്കരയുള്ളവർക്കുപോലും ഇത്രയേറെ ദൂരം യാത്ര ചെയ്യേണ്ടിവരുന്നു. ദൂരസ്ഥലങ്ങളിൽനിന്നുപോലുമായി നൂറുകണക്കിന് ഭക്തജനങ്ങൾ ബലിതർപ്പണത്തിനെത്തുന്ന ക്ഷേത്രമാണ് തൃക്കുടമണ്ണ.
ലിന്റോ ജോസഫ് എംഎൽഎയുടെ ശ്രമഫലമായി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന ബജറ്റിൽ തൂക്കുപാലം നിർമിക്കാൻ രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാലംനിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ ചെയ്ത് പ്രവൃത്തിയാരംഭിക്കാൻ ഇനിയും ഏറെ വൈകാനാണ് സാധ്യത.കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് 2009-ൽ ആണ് തൂക്കുപാലം നിർമിച്ചത്. 2018-ലെ പ്രളയത്തിൽ പാലം പൊട്ടിത്തകർന്നിരുന്നു. 2019-ൽ പുതുക്കിപ്പണിതെങ്കിലും കഴിഞ്ഞവർഷത്തെ പ്രളയത്തിലെ ശക്തമായ ഒഴുക്കിൽ തകർന്ന് പുഴയിൽ വീഴുകയുമായിരുന്നു.






