മനുഷ്യ–വന്യജീവി സംഘർഷത്തിന് 192.20 കോടി; മലയോര മേഖലയ്ക്ക് പ്രതീക്ഷയായി ബജറ്റ് പ്രഖ്യാപനം

മുക്കം: സംസ്ഥാന ബജറ്റിൽ മനുഷ്യ–വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 192.20 കോടി രൂപ വകയിരുത്തിയത് മലയോര മേഖലയിലെ കർഷകർക്കും ജനങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നു. വന്യജീവി ആക്രമണങ്ങൾ മൂലം വർഷങ്ങളായി ദുരിതമനുഭവിക്കുന്ന തിരുവമ്പാടി ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങൾക്ക് ഈ പ്രഖ്യാപനം ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്താകെ വർധിച്ചുവരുന്ന മനുഷ്യ–വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്ര പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടന്നുവരുന്നത് തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മുന്നറിയിപ്പ് സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്ന പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തത്.
തിരുവമ്പാടി നിയോജക മണ്ഡലം ഉൾപ്പെടുന്ന മലയോര മേഖലയിൽ കാട്ടുപന്നി, കാട്ടാന, കടുവ, പുലി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണം വർഷങ്ങളായി ജനജീവിതത്തെയും കാർഷിക മേഖലയെയും സാരമായി ബാധിച്ചുവരികയാണ്. പന്നിശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ജനങ്ങളുടെ ദൈനംദിന ജീവിതം പോലും പ്രതിസന്ധിയിലായ സാഹചര്യത്തിൽ പുതിയ പദ്ധതികൾ ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വന്യജീവി ശല്യം മൂലം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങൾ വീടുകളും കൃഷിയിടങ്ങളും ഉപേക്ഷിച്ച് കുടിയിറങ്ങിയിട്ടുണ്ട്. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും ഭീതിയോടെയാണ് മലയോര മേഖലകളിൽ കഴിയുന്നത്. മുമ്പ് ചില പഞ്ചായത്തുകളിലൊതുങ്ങിയിരുന്ന വന്യജീവി ശല്യം ഇന്ന് മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും ആളുകൾക്ക് നേരെ ആക്രമണം നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഫലപ്രദമായി നടപ്പിലായാൽ മലയോര ജനതയുടെ ദീർഘകാല പ്രശ്നത്തിന് ശാശ്വത പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും പ്രദേശവാസികളും.







