സംസ്ഥാന ബജറ്റിൽ തിരുവമ്പാടിക്ക് കൈ നിറയെ പദ്ധതികൾ; എക്കണോമിക് സോൺ, ടൂറിസം സർക്യൂട്ട്, ട്രാൻസ്പോർട്ട് ഹബ് പ്രഖ്യാപനം

മുക്കം: സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിന് നിരവധി വികസന പദ്ധതികൾ പ്രഖ്യാപിച്ചതായി സി.കെ. കാസിം എം.എൽ.എ അറിയിച്ചു.
തിരുവമ്പാടി എക്കണോമിക് സോൺ, തിരുവമ്പാടി ടൂറിസം സർക്യൂട്ട്, മുക്കം ട്രാൻസ്പോർട്ട് ഹബ്, വന്യജീവി ശല്യത്തിന് പരിഹാര പദ്ധതികൾ, തിരുവമ്പാടി റിംഗ് റോഡ് ബൈപ്പാസ് എന്നിവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
തിരുവമ്പാടി എക്കണോമിക് സോൺ യാഥാർഥ്യമായാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ ടെക്നോളജി ഉൾപ്പെടെയുള്ള അത്യാധുനിക മേഖലകളിലെ വ്യവസായ കേന്ദ്രമായി പ്രദേശം മാറുമെന്ന് എം.എൽ.എ പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കും കൊച്ചി ഇൻഫോപാർക്കും സമാനമായ വികസന സാധ്യതകൾ കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
കോഴിക്കോട് നഗരത്തിൽ നിന്ന് 35 കിലോമീറ്ററും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 30 കിലോമീറ്ററും മാത്രം ദൂരമുള്ള തിരുവമ്പാടിയിൽ പദ്ധതി നടപ്പിലായാൽ ഏകദേശം 75,000 തൊഴിലവസരങ്ങളും 8,000 കോടി രൂപയുടെ സാമ്പത്തിക വരുമാനവും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. സംസ്ഥാന സർക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി മണ്ഡലത്തിന് അനുവദിച്ചതെന്നും എം.എൽ.എ വ്യക്തമാക്കി.
മണ്ഡലത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മുക്കത്ത് കെ.എസ്.ആർ.ടി.സി ട്രാൻസ്പോർട്ട് ഹബ് സ്ഥാപിക്കുന്നതും താമരശ്ശേരി ചുരം മുതൽ ചാലിയാർ തീരം വരെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതും മേഖലയിലെ വികസനത്തിന് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.
വിദ്യാഭ്യാസ മേഖലയിലെ പദ്ധതികളായി നീലേശ്വരം സ്കൂൾ, കുമാരനെല്ലൂർ സ്കൂൾ കെട്ടിട നിർമാണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് മേഖലയിലെ വൈശ്യംപുറം പാലം, ചീപ്പാംകുഴി പാലം, പുതിയോട്ടിൽ കടവ് പാലം, തേക്കുംതോട്ടം പാലം, പുളിമൂട്ടിൽ കടവ് പാലം, കോടഞ്ചേരി കോളേജിന് കളിസ്ഥലം, അടിവാരത്ത് പുതിയ പൊലീസ് സ്റ്റേഷൻ എന്നിവയും ബജറ്റിൽ ഇടം നേടി.
കൂടാതെ മുക്കം നഗരസഭയിലെ കണക്കുപറമ്പ് പൊതുകുളം നവീകരണം, താഴെ കൂടരഞ്ഞി–വല്ലത്തായ്പാറ റോഡ്, ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണ പദ്ധതി, കൊടിയത്തൂർ കാരാട്ട് റോഡ് ഉയർത്തൽ, തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ റോഡ്, ചേന്ദമംഗലൂർ–മംഗലശ്ശേരി–കക്കാട് റോഡ് വീതി കൂട്ടി നവീകരിക്കൽ, കൂടരഞ്ഞി–മാങ്കയം–മരഞ്ചാട്ടി റോഡ്, വാലില്ലാപ്പുഴ–തോട്ടുമുക്കം റോഡ്, കോടഞ്ചേരി ദിവ്യ സ്റ്റേഡിയം, തടയണമുക്ക് പാലം എന്നിവയും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
ബജറ്റിലൂടെ മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും വികസനം എത്തിക്കുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് അനുവദിച്ചിരിക്കുന്നതെന്ന് സി.കെ. കാസിം എം.എൽ.എ പറഞ്ഞു.







