Kerala

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘത്തെ മുഖംമൂടി ധരിച്ചെത്തിയ മറ്റൊരു സംഘം ആക്രമിച്ചു; 35 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തെ മുഖം മൂടി ധരിച്ചെത്തിയ മറ്റൊരു സംഘം കൊള്ളയടിച്ചു. കൊണ്ടോട്ടി മുസല്യാര്‍ അങ്ങാടിയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘമാണ് പെരിന്തല്‍മണ്ണ സ്വദേശികളായ ഫൈസല്‍, മുഹമ്മദ് എന്നിവരില്‍ നിന്നും 35ലക്ഷം രൂപയുടെ 900 ഗ്രാം സ്വര്‍ണം തട്ടിയെടുത്തത്.

ഇന്ന് പുലര്‍ച്ചെ 3.20നുള്ള വിമാനത്തില്‍ സ്വര്‍ണവുമായി എത്തിയ കോഴിക്കോട് അത്തോളി സ്വദേശി ഫലസു എന്നയാള്‍ വിമാനത്താളത്തിന് പുറത്തെത്തിയ ഉടന്‍ തന്നെ സ്വര്‍ണം പെരിന്തല്‍മണ്ണ സ്വദേശികളായ ഫൈസല്‍, മുഹമ്മദ് എന്നിവര്‍ക്ക് കൈമാറി. ഇവര്‍ സ്വര്‍ണവുമായി കാറില്‍ വരുന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ സംഘം കാറില്‍ നിന്ന് വലിച്ചിറക്കി ഇവരെ ആക്രമിക്കുകയും ശേഷം കാറിന്റെ ചില്ല് അടിച്ച് പൊടിച്ച് കാറുമായി കടന്നു കളയുകയുമായിരുന്നു. ഒരു കിലോമീറ്റര്‍ അകലെ കാറ് ഉപേക്ഷിച്ചുവെങ്കിലും 35 ലക്ഷത്തിന്റെ സ്വര്‍ണം നഷ്ടമായി. തുടര്‍ന്ന് അക്രമത്തിന് ഇരയായവര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button