കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനും മെഡിക്കൽ കോളേജിലെ ഹൗസ് സർജനും

കോഴിക്കോട് ജില്ലയിൽ ഇന്ന് (22.04.20) രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി.
11 പേർ രോഗമുക്തരായി ആശുപത്രി വിട്ടതിനാൽ 11 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതുകൂടാതെ ഒരു കണ്ണൂർ സ്വദേശിക്കും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുണ്ടായിരുന്ന 4 ഇതര ജില്ലക്കാർ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ഇഖ്റ ഹോസ്പിറ്റലിൽ ഐ.സി.യു.വിൽ ജോലി ചെയ്തിരുന്ന കോടഞ്ചേരി മൈക്കാവ് സ്വദേശിയായ നേഴ്സ് ആണ്.
ഈ മാസം 11 ന് കോവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശി ഇഖ്റ ആശുപത്രിയിൽ ഉണ്ടായിരുന്ന സമയത്ത് അവരെ പരിചരിച്ചിരുന്നു. അവരുമായുള്ള സമ്പർക്കത്തിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്ന് കരുതുന്നു.
ഏപ്രിൽ 5, 6, 7, 8 തീയ്യതികളിൽ ഇവർ ഇഖ്റ ആശുപത്രിയിൽ ഐ.സി.യു.വിൽ ജോലി ചെയ്തിരുന്നു. 9, 10, 11 തീയതികളിൽ ഇവർ അവധിയിലായിരുന്നു. 11 ന് എടച്ചേരി സ്വദേശിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് അതിനെത്തുടർന്ന് ഇവർ ഉൾപ്പെടെ അദ്ദേഹത്തെ പരിചരിച്ച മുഴുവൻ പേരെയും ക്വാറന്റയിനിലേക്ക് മാറ്റി.
തുടർന്ന് 20.04.3020 ന് അച്ഛനോടൊപ്പം സ്വന്തം കാറിൽ രാവിലെ 7 മണിക്ക് ഇഖ്റ ഹോസ്പിറ്റൽ വരികയും സ്രവപരിശോധ നടത്തി ഒമ്പതര മണിയോടെ തിരിച്ച് വീട്ടിൽ പോവുകയും ചെയ്തു. ഇന്ന് പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട് ഇപ്പോൾ രോഗലക്ഷണങ്ങൾ ഒന്നുമില്ല, നില തൃപ്തികരമാണ്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി മെഡിക്കൽ കോളേജിലെ ഹൗസ് സർജനാണ്. ഇവർ മാർച്ച് 20 ന് നിസാമുദ്ദീൻ ട്രിവാൻഡ്രം എക്സ്പ്രസ്സിൽ യാത്ര ചെയ്ത ആളാണ്.
11.40 ന് ഡൽഹിയിൽ നിന്ന് ട്രെയിനിൽ കയറുകയും മാർച്ച് 22 ന് വൈകിട്ട് 6 30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോം നമ്പർ ഒന്നിൽ എത്തിച്ചേരുകയും ചെയ്തു. അവിടെ നിന്ന് റെയിൽവേ സ്ക്വാഡ് പരിശോധിക്കുകയും 14 ദിവസം ക്വാറന്റയിനിൽ കഴിയാൻ നിർദ്ദേശിച്ചതു പ്രകാരം ക്വാറന്റയിനിൽ കഴിയുകയുമായിരുന്നു.
ഏപ്രിൽ 3ന് ആലപ്പുഴ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഡൽഹിയിലെ തബ്ലീഗ് ജമാഅത്ത് മർക്കസിലെ മത ചടങ്ങിൽ പങ്കെടുത്ത വ്യക്തി സഞ്ചരിച്ച അതേ കോച്ചിലാണ് ഇദ്ദേഹവും യാത്ര ചെയ്തത് എന്ന വിവരം ലഭിച്ചതിനാൽ കോഴിക്കോട് ജില്ലയിലെ ആരോഗ്യ വിഭാഗം ഇദ്ദേഹത്തെ ബന്ധപ്പെടുകയും 28 ദിവസം നിർബന്ധമായും ക്വാറന്റയിനിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്ത് പ്രകാരം ക്വാറന്റയിൻ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
ക്വാറന്റയിൻ പൂർത്തിയായതിനുശേഷം ഈ മാസം 20 ന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി നടത്തിയ സ്ക്രീനിങ്ങിൽ കോവിഡ് സ്വീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇപ്പോൾ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല, നില തൃപ്തികരമാണ്.
ജില്ലയിൽ ഇന്ന് 1413 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 19,010 ആയി. 3803 പേരാണ് നിരീക്ഷണത്തിൽ ബാക്കിയുള്ളത്.
ഇന്ന് പുതുതായി വന്ന 12 പേർ ഉൾപ്പെടെ ആകെ 28 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ഇന്ന് 15 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 747 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 731 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 704 എണ്ണം നെഗറ്റീവ് ആണ്. 16 പേരുടെ ഫലം ലഭിക്കാനുണ്ട്.
News from Mathrubhumi






