Kerala

രാജ്യദ്രോഹകുറ്റം ചെയ്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല :രമേശ് ചെന്നിത്തല

തിരുവനന്തപുരം:മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറഞ്ഞത് എത്രത്തോളം പ്രസക്തമാണെന്നതാണ് ഇപ്പോള്‍ തെളിയുന്നത്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. മുഖ്യമന്ത്രി രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോടതി തെളിവായി അംഗീകരിക്കുന്ന മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ട് മാസത്തോളമായി. എന്നിട്ടും എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും എതിരായി നടപടി സ്വീകരിച്ചിട്ടില്ലെന്നത് ഗൗരവമേറിയ കാര്യമാണ്.

ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ കൈയിലുണ്ടായിരുന്നിട്ടും അന്വേഷണം മരവിപ്പിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തത്. ആരുടെ നിര്‍ദേശ പ്രകാരമായിരുന്നു അന്വേഷണം മരവിപ്പിച്ചതെന്ന് അറിയണം. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന അവസ്ഥയിലാണ് കേസ് ആകെ മരവിപ്പിക്കുന്ന നിലയിലേക്ക് എത്തിയത്. ഇത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്.

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വന്നത്. അന്വേഷണം മുന്നോട്ട് നീങ്ങി അത് മുഖ്യമന്ത്രിയിലേക്ക് തന്നെ എത്തുമെന്ന് ആയപ്പോഴാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള കത്ത് പ്രധാനമന്ത്രിക്ക് അയച്ചത്. ആ കത്ത് അയച്ചതിനുശേഷം ഒരു അന്വേഷണവും ഉണ്ടായില്ലെന്നത് ഗൗരവമായി കാണേണ്ടതാണ്. അത് കേരളത്തിലെ ഭരണകൂടവും കേന്ദ്രത്തിലെ ബിജെപി ഭരണകൂടവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Related Articles

Leave a Reply

Back to top button